ബാംഗ്ലൂർ: (truevisionnews.com) സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ കേരളം ശക്തമായ നിലയിൽ.

ആദ്യ ഇന്നിങ്സിൽ കേരളം 327 റൺസിന് പുറത്തായി.
അഹമ്മദ് ഇമ്രാൻ, ഒമർ അബൂബക്കർ, അഭിജിത് പ്രവീൺ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടക ആദ്യ ദിവസം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ഒമർ അബൂബക്കറും ക്യാപ്റ്റൻ അഭിഷേക് ജെ നായരും ചേർന്ന ഓപ്പണിങ് കൂട്ടുകെട്ടിൽ 78 റൺസ് പിറന്നു.
ഒമർ അബൂബക്കർ 57ഉം അഭിഷേക് നായർ 31ഉം റൺസെടുത്തു.
തുടർന്നെത്തിയ അഹ്മദ് ഇമ്രാനാണ് കേരള ബാറ്റിങ് നിരയിൽ ഏറ്റവും തിളങ്ങിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ അഹ്മദ് ഇമ്രാൻ 104 പന്തുകളിൽ നിന്ന് 92 റൺസെടുത്തു.
പവൻ ശ്രീധർ, അഭിജിത്ത് പ്രവീൺ എന്നിവർക്കൊപ്പം അഹ്മദ് നേടിയ കൂട്ടുകെട്ടുകളാണ് കേരളത്തെ ശക്തമായി നിലയിലെത്തിച്ചത്.
പവൻ ശ്രീധർ 39 ഉം അഭിജിത് പ്രവീൺ 72ഉം റൺസെടുത്തു.വാലറ്റത്ത് 26 റൺസുമായി കിരൺ സാഗറും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു. കർണ്ണാടകയ്ക്ക് വേണ്ടി ശിഖർ ഷെട്ടി അഞ്ചും മന്വന്ത് കുമാർ നാലും വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കർണ്ണാടകയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണർ മക്നീൽ റൗണൗട്ട് ആയപ്പോൾ പ്രഖർ ചതുർവേദിയെ പവൻ രാജ് പുറത്താക്കി. കളി നിർത്തുമ്പോൾ ഹർഷിൽ ധർമ്മാനി ഒൻപതും മൊനീഷ് റെഡ്ഡി ഏഴും റൺസ് നേടി ക്രീസിലുണ്ട്.
#CKNaiduTrophy #Kerala #strong #position #against #Karnataka
