ലഖ്നൌ: ( www.truevisionnews.com) വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തെ 190 റൺസിന് തോല്പിച്ച് മധ്യപ്രദേശ്. 254 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 63 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടുകയും രണ്ട് ഇന്നിങ്സുകളിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെ ഓൾ റൌണ്ട് മികവാണ് മധ്യപ്രദേശിന് വിജയമൊരുക്കിയത്.
രണ്ട് വിക്കറ്റിന് 144 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ മധ്യപ്രദേശിന് ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ്റെയും കനിഷ്ക് ഗൌതമിൻ്റെയും ഇന്നിങ്സുകളാണ് കരുത്തായത്.
യഷ് വർധൻ 118 റൺസുമായി പുറത്താകാതെ നിന്നപ്പോൾ കനിഷ്ക് 59 റൺസെടുത്തു. 141 പന്തിൽ എട്ട് ഫോറും മൂന്നും സിക്സും അടങ്ങുന്നതായിരുന്നു യഷ് വർധൻ്റെ ഇന്നിങ്സ്. സ്കോർ രണ്ട് വിക്കറ്റിന് 223 റൺസെന്ന നിലയിൽ നില്ക്കെ മധ്യപ്രദേശ് രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.
തുടർന്ന് 254 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ കേരളത്തിൻ്റേത് അവിശ്വസനീയമായ ബാറ്റിങ് തകർച്ചയായിരുന്നു. 21 റൺസെടുത്ത നെവിൻ മാത്രമാണ് കേരള ബാറ്റിങ് നിരയിൽ പിടിച്ചു നിന്നത്.
മറ്റാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 63 റൺസിന് കേരളം ഓൾഔട്ടായി. മധ്യപ്രദേശിന് വേണ്ടി യഷ് വർധൻ സിങ് ചൌഹാൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ അഞ്ജേഷ് പാൽ നാലും രാഹുൽ ഗാങ്വാർ ഒന്നും വിക്കറ്റ് വീഴ്ത്തി
#Vijay #Merchant #Trophy #Kerala #lost #MadhyaPradesh