കാസര്‍കോട്: ( www.truevisionnews.com ) പെരിയ ഇരട്ടക്കൊലക്കേസിലെ വിധിയില്‍ തൃപ്തരല്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. 14 പേര്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതില്‍ സന്തോഷമുണ്ട്.
അതേസമയം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടെ 10 പേരെ വെറുതെ വിട്ടതില്‍ സങ്കടമുണ്ട്.
റിമാന്റില്‍ കഴിഞ്ഞവര്‍ പുറത്തു പോകുന്നത് തങ്ങള്‍ക്ക് സഹിക്കാനാകില്ലെന്നും സത്യനാരായണന്‍ വ്യക്തമാക്കി.
നിയമസാധ്യതകളെ കുറിച്ച് പ്രോസിക്യൂട്ടറുമായി ആലോചിക്കുമെന്നും അപ്പീലിന് പോകുന്ന കാര്യമെല്ലാം അതിനുശേഷം തീരുമാനിക്കുമെന്നും സത്യനാരായണന്‍ കൂട്ടിച്ചേര്‍ത്തു.
സിബിഐ വന്നപ്പോഴാണ് കേസ് ശരിയായ ദിശയിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ ഈ പ്രതികളെല്ലാം രക്ഷപ്പെട്ടിരുന്നുവെന്നും കൃപേഷിന്റെ അച്ഛന്‍ പി.വി കൃഷ്ണന്‍ പ്രതികരിച്ചു.
ക്രൈംബ്രാഞ്ചും പോലീസും അന്വേഷിച്ചിരുന്നെങ്കില്‍ ഇവരാരും ശിക്ഷിക്കപ്പെടുമായിരുന്നില്ല. സിബിഐ അന്വേഷണം വേണമെന്ന കാര്യത്തില്‍ ഞങ്ങള്‍ രണ്ട് കുടുംബക്കാരും ഉറച്ചുനിന്നു.
പാര്‍ട്ടിയും ഞങ്ങളെ സഹായിച്ചു. കേരളത്തിലെ മൊത്തം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഞങ്ങളോടൊപ്പം നിന്നു. എല്ലാവരോടും നന്ദി പറയുന്നു.
സിപിഎമ്മിന്റെ രാഷ്ട്രീയ കൊലപാതകം ഇതോടു കൂടി അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും പി.വി കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്.10 പ്രതികളെ കുറ്റവിമുക്തരാക്കി.
ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.
ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി. കേസില്‍ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധിപറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്.
#cannot #tolerate #release #remanded #accused #Sarath #father