കൊടുവള്ളി : (gcc.truevisionnews.com) ഈസ്റ്റ് കിഴക്കോത്ത് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. ഗൾഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരപ്പൻപൊയിലിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയത് അടക്കം വിവിധ കേസുകളിൽ പ്രതിയായ കിഴക്കോത്ത് താന്നിക്കൽ മുഹമ്മദ് സാലി (41)ആണ് ആക്രമിക്കപ്പെട്ടത്.
ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. കൊടുവള്ളി-നരിക്കുനി റോഡിൽ ഈസ്റ്റ് കിഴക്കോത്ത് മുഹമ്മദ് സാലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെത്തിയാണ് അക്രമികൾ വെട്ടിയത്.
കൈകൾക്കും കാലുകൾക്കും വെട്ടേറ്റ സാലിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമമുണ്ടായ കെട്ടിടത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളികളാണ് സാലിയെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ശബ്ദം കേട്ട് എത്തിയ തങ്ങൾക്കെതിരെ 5 പേരടങ്ങുന്ന സംഘം വെടിയുതിർത്തതായി അതിഥിത്തൊഴിലാളിയായ സ്വപൻ പോൾ പറഞ്ഞു. വിദേശത്തെ സാമ്പത്തിക ഇടപാടിന്റെ പേരിൽ പരപ്പൻപോയിൽ സ്വദേശിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ക്വട്ടേഷൻ നൽകിയ കേസിലെ മൂന്നാംപ്രതിയാണ് മുഹമ്മദ് സാലി.
കൊടുവള്ളി, കൊയിലാണ്ടി, താമരശ്ശേരി സ്‌റ്റേഷനുകളിലായി ഇയാൾക്കെതിരെ 4 കേസുകളുണ്ട്. താമരശ്ശേരി ഡിവൈഎസ്പി കെ.ചന്ദ്രൻ, കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷ് എന്നിവരുടെ സംഘം സ്ഥലത്തെത്തി.
#young #man #cut #injured #East #kozhikkode