മലപ്പുറം: (truevisionnews.com) തിരൂർ മംഗലത്ത് കടന്നൽ കുത്തേറ്റ് കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് കടന്നൽക്കൂടിളകി പ്രദേശവാസികൾക്ക് കുത്തേറ്റത്.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവർക്കുമാണ് കുത്തേറ്റത്.
മരത്തിൽ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. പരുന്ത് കൊത്തിയതിനെ തുടർന്ന് കൂട് ഇളകിവീഴുകയായിരുന്നു.
പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തൻ പുരക്കൽ സന്തോഷിന്റെ മകൻ നന്ദു (എട്ട്), കരുവാൻ പുരക്കൽ സ്വപ്ന (42), പുത്തൻ പുരക്കൽ പ്രജേഷിന്റെ മകൾ ശ്രീലക്ഷ്മി (ഏഴ്), പുത്തൻ പുരക്കൽ സുഭാഷിന്റെ മകൾ സ്നേഹ (ഏഴ്), പുത്തൻ പുരക്കൽ സന്തോഷിന്റെ മകൻ ശ്രീഹരി (13), കൊളങ്കരി തൻവീർ (28), പുത്തൻ വീട്ടിൽ താജുദ്ദീൻ (60), പുത്തൻപുരക്കൽ ഷൈൻ ബേബി (39), പുത്തൻ പുരക്കൽ വള്ളിയമ്മു (55), മംഗലം കൂട്ടായി പാലം ചെരണ്ട രാഗേഷിന്റെ മകൾ സ്വാതിക് (രണ്ട്), കുട്ടായി കടവ് തൃക്കണാശ്ശേരി മോഹനൻ (67) എന്നിവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#11 #people #including #children #injured #Tirur #Mangalam #sting.