ബെംഗളൂരു: (truevisionnews.com) കാറിന് മുകളില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ആറു പേരാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊല്ലപ്പെട്ടത്.
ബെംഗളൂരുവിലെ ഐടി കമ്പനിയായ ഐഎഎസ്ടി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സിന്റെ എംഡി ചന്ദ്രാം യാഗപ്പഗോലും കുടുംബവുമാണ് അപകടത്തില്‍ മരിച്ചത്. ബെംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48-ലാണ് അപകടമുണ്ടായത്.
ചന്ദ്രാം യാഗപ്പഗോലും ഭാര്യ ഗൗരഭായും മക്കളായ ഗാനും ദീക്ഷയും ആര്യയും അവധിക്കാലം ആഘോഷിക്കാന്‍ വിജയ്പുരയിലേക്കുള്ള യാത്രയിലായിരുന്നു.
ഇവരോടൊപ്പം ഗൗരഭായ്‌യുടെ സഹോദരി വിജയലക്ഷ്മിയും ചേരുകയായിരുന്നു. എന്നാല്‍ ആ സന്തോഷയാത്ര അവസാനത്തേത് ആയിരിക്കുമെന്ന് അവര്‍ ഒരിക്കലും കരുതിയില്ല.
2018-ലാണ് ചന്ദ്രാം യാഗപ്പഗോല്‍ ഐഎഎസ്ടി സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ് തുടങ്ങിയത്. അമ്പതോളം ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നത്. എംഡിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ജീവനക്കാര്‍.
അപകടത്തില്‍പെട്ട ഒരു കോടിയിലധികം വില വരുന്ന വോള്‍വോ പ്രീമിയം കാര്‍ ഒക്ടബോറിലാണ് ചന്ദ്രാം യാഗപ്പഗോല്‍ വാങ്ങിയത്. അതിവേഗത്തില്‍ വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം നഷ്ടമായി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
ഇടിയുടെ ആഘാതത്തില്‍ ഡിവൈഡറും തകര്‍ത്ത് ലോറി കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ട്രക്കും ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് മറിഞ്ഞു. മറ്റ് വാഹനങ്ങള്‍ നേരിയ വ്യത്യാസത്തില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
ക്രെയ്‌നും മറ്റും ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. ആറു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടു.
ദേശീയപാതയില്‍ മൂന്ന് കിലോമീറ്റര്‍ ദൂരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
ബെംഗളൂരുവില്‍ നിന്ന് തുമകുരുവിലേക്ക് പോകുകയായിരുന്നു കണ്ടെയ്നര്‍ ലോറി. കാറും ലോറിയും ഒരേ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്.
#accident #container #lorry #overturned #top #car #killed #six #people #tragically #other #day.