നവിമുംബൈ: (truevisionnews.com) മുംബൈ ഗോവ ഹൈവേയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന സ്ലീപ്പർ ബസിൽ തീ പിടിച്ചു. ഡ്രൈവറുടെ കൃത്യസമയത്തെ ഇടപെടലിൽ 34 യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു.
മുംബൈ ഗോവ ഹൈവേയിൽ ജോഗേഷ്വാരിയ്ക്കും മാൽവാനിനും ഇടയിൽ വച്ചാണ് ബസിന്റെ പിൻഭാഗത്ത് തീ പടർന്നത്.
യാത്രക്കാർ ഉറക്കത്തിൽ ആയിരുന്നെങ്കിലും അപകടം മനസിലാക്കിയ ഡ്രൈവർ ബസ് റോഡ് സൈഡിൽ നിർത്തി യാത്രക്കാരെ പെട്ടന്നുണർത്തി പുറത്തെത്തിക്കുകയായിരുന്നു.
യാത്രക്കാരുടെ സാധന സാമഗ്രഹികളും ലഗേജുകളും ബസിനോടൊപ്പം കത്തിയമർന്നു. ശനിയാഴ്ച അർധരാത്രിയിലാണ് സംഭവം ഉണ്ടായത്.
കോളാഡിനും റായ്ഗഡിലും കൊങ്കൺ റെയിൽവേ പാലത്തിന് അടിയിലൂടെ ബസ് പോകുന്ന സമയത്താണ് അപകടമുണ്ടായത്. കൊളാഡ് പൊലീസും അഗ്നി രക്ഷാസേനയും സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ദീപക് നൈട്രേറ്റ് കെമിക്കൽ ഫാക്ടറിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളുടെ സഹകരണത്തോടെ തീ നിയന്ത്രണ വിധേയം ആക്കിയപ്പോഴേയ്ക്കും ബസും യാത്രക്കാരുടെ സാധനങ്ങളും പൂർണമായി കത്തി നശിച്ചിരുന്നു.
ബസിന്റെ പിൻഭാഗത്ത് പൊട്ടിത്തെറി ശബ്ദം കേട്ടാണ് ഡ്രൈവർ വാഹനം നിർത്തിയത്. തൊട്ട് പിന്നാലെ തന്നെ സ്ലീപ്പർ ബസിന്റെ പിന്നിൽ നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു.
#sleeper #bus #traveling #Mumbai #Goa #highway #caught #fire.