മംഗളൂരു: (truevisionnews.com) നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ റവന്യൂ ഇൻസ്പെക്ടർ പിടിയിലായി. മുൽക്കി റവന്യൂ ഇൻസ്‌പെക്ടർ ജി.എസ് ദിനേശിനെ വ്യാഴാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തത്.
സൂറത്കൽ ജങ്ഷനു സമീപമുള്ള ഒരു വസ്തുവിൽ അവകാശികളുടെ പേരു ചേർക്കാൻ നാലുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുൽക്കി റവന്യൂ ഇൻസ്‌പെക്ടർ കുടുങ്ങിയത്.
തന്റെ മുത്തശ്ശി പത്മാവതി മരിച്ചതിനെത്തുടർന്ന് വസ്തുവിന്റെ ആർ.ടി.സിയിലെ അവകാശികളുടെ പേരുകൾ അപ്ഡേറ്റ് ചെയ്യുന്നതിനായി പരാതിക്കാരൻ കഴിഞ്ഞ വർഷം മുൽക്കി താലൂക്ക് തഹസിൽദാറുടെ ഓഫീസിൽ അപേക്ഷ സമീപിച്ചിരുന്നു.
ഒരു വർഷത്തിലേറെയായിട്ടും നടപടിയെടുക്കാൻ ജി.എസ് ദിനേശൻ തയാറായില്ല. ഈ മാസം ഒമ്പതിന് പരാതിക്കാരൻ റവന്യൂ ഇൻസ്‌പെക്ടറുടെ ഓഫീസിൽ അപേക്ഷയുടെ നിജസ്ഥിതി അന്വേഷിക്കാൻ എത്തിയപ്പോൾ ദിനേശ് നാല് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഇത് സംബന്ധിച്ച് ലോകായുക്ത പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ സൂറത്കൽ ജങ്ഷനു സമീപം പരാതിക്കാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിൽ ലോകായുക്ത പോലീസ് കെണിയൊരുക്കുകയും ദിനേശിനെ കൈയോടെ പിടികൂടുകയും ചെയ്തു.
കർണാടക ലോകായുക്ത മംഗളൂരു എസ്.പി എം.എ നടരാജിന്റെ മേൽനോട്ടത്തിലായിരുന്നു ഓപറേഷൻ. എ.എസ്.പി ഡോ.ഗണ പി കുമാർ, ഇൻസ്പെക്ടർ അമാനുല്ല.എ, സുരേഷ് കുമാർ പി, ചന്ദ്രശേഖർ കെ.എൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
#revenue #inspector #caught #accepting #bribe #Rs4lakh.