പാലാ: (truevisionnews.com) ലഹരി ഉപയോഗത്തിനായി മരുന്നുകൾ കൊറിയർ വഴി വരുത്തി വിൽപന നടത്തുന്ന യുവാവ് പിടിയിൽ.
പാലാ കടപ്പാട്ടൂർ അരീപ്പറമ്പിൽ കാർത്തിക് ബിനു (22) വിനെയാണ് പാലാ എക്സൈസ് പിടികൂടിയത്. ഹൃദയശസ്ത്രക്രിയ സമയത്ത് ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ ആംബ്യൂളുകളുമായാണ് കാർത്തിക് പിടിയിലായത്.
ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കൈവശം വെക്കാൻ പാടില്ലാത്ത ഈ മരുന്നിന്റെ 99 ബോട്ടിലുകളാണ് കണ്ടെത്തിയത്. ഇതരസംസ്ഥാനത്ത് നിന്നും കൊറിയർ വഴി എത്തിച്ച മരുന്ന് കൊറിയർ സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റുന്നതിനിടയാണ് എക്സൈസ് സംഘവും ഡ്രഗ്സ് കൺട്രോൾ ടീമും യുവാവിനെ കസ്റ്റഡിയിലെടുത്തത്.
കൊറിയർ വഴി ഇത്തരത്തിൽ മരുന്ന് എത്തിക്കുന്നതായി എക്സൈസിന് രഹസ്യവിവരം ലഭിച്ച തുടർന്നാണ് നടപടി. ഡോക്ടറുടെ കുറിപ്പടി വേണ്ട മരുന്നുകൾ അനധികൃതമായി കൈവശം വെക്കുന്നതും ദുരുപയോഗം ചെയ്യുന്നതും മൂന്നുവർഷം മുതൽ അഞ്ചു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി.ദിനേശ്, എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥരായ ബബിത, താര, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് ജോസഫ്, ഷിബു ജോസഫ്, രതീഷ് കുമാർ പി, തൻസീർ ഇ എ, മനു ചെറിയാൻ, ഡ്രൈവർ സുരേഷ് ബാബു എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
#Courier #manufacture #sale #intoxicating #drugs #young #man #arrested.