തിരുവനന്തപുരം: (truevisionnews.com) സിനിമയിലൂടെ യഥാർഥ സാമൂഹ്യ രാഷ്ട്രീയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പ്രതികരിക്കാനും സാധിക്കണമെന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളി.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ 'ഇന്ത്യ: റിയാലിറ്റി ആൻഡ് സിനിമ' എന്ന വിഷയത്തിൽ ഫിപ്രെസി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രത്യക്ഷത്തിൽ കാണുന്ന ഇന്ത്യയുടെ പ്രശ്‌നങ്ങൾ ചലച്ചിത്രങ്ങളിൽ നിരന്തരം ആവിഷ്‌കരിക്കപ്പെടുമ്പോൾ അദൃശ്യമായ കഥകൾക്ക് പ്രാതിനിധ്യം നഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നമ്മുടെ നാഗരിക സമൂഹങ്ങളിലും പാർശ്വവത്കരിക്കപ്പെടുന്ന, എന്നാൽ പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക ഇന്ത്യയിൽ എന്തുകൊണ്ട് ഫിലിം ഇൻസ്റ്റിറ്റിയൂകളുടെ എണ്ണം ഐഐടികളേക്കാൾ കുറഞ്ഞിരിക്കുന്നു എന്നതടക്കമുള്ള ചോദ്യങ്ങൾ സുബ്രത ബേവൂറ ഉന്നയിച്ചു.
സിനിമയുടെ വികസനത്തിന് വേണ്ടി ഇന്ത്യയിൽ നടന്ന പ്രവർത്തങ്ങളെക്കുറിച്ച് സംവിധായകൻ കൂടിയായ മധു ജനാർദ്ദനൻ വിശദീകരിച്ചു.
പുതിയ തലമുറ നിർമിച്ച സിനിമകളിലെ രാഷ്ട്രീയ ചർച്ചകൾ പ്രതീക്ഷാജനകമാണെന്നും വ്യത്യസ്തമായ സിനിമകൾക്ക് ഇവിടെ വേദികൾ ലഭിക്കുന്നുണ്ടെന്നും സെമിനാറിൽ പങ്കെടുത്ത ശ്രീദേവി പി അരവിന്ദ് അഭിപ്രായപ്പെട്ടു.
ടാഗോർ തീയേറ്ററിൽ നടന്ന സെമിനാറിൽ ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു.
#Social #political #reactions #possible #through #cinema #GirishKasaravalli