Dec 18, 2024 08:15 AM

കോഴിക്കോട്: ( www.truevisionnews.com ) നാദാപുരത്ത് മുസ്ലീംങ്ങൾക്കെതിരെ സിപിഎം നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ കേട്ടുവളർന്ന് നേതാവായ പി. മോഹനനെപ്പോലുള്ളവർക്ക് മുസ്ലീംങ്ങൾ നടത്തുന്നതെന്തും തീവ്രവാദമാണെന്നു തോന്നുന്നതിൽ സംശയമില്ലെന്ന് പി.വി അൻവർ എംഎൽഎ.

മെക് സെവൻ വിവാദത്തിൽനിന്ന് മോഹനൻ മാസ്റ്റരും സിപിഎമ്മും പിൻമാറിയെന്നു പറയുന്നുണ്ടെങ്കിലും പതിവുപോലെ അതേറ്റുപിടിച്ച് സംഘപരിവാരവും ഹിന്ദുത്വവാദികളും കേരളത്തിനകത്തും പുറത്തും മുന്നേറുകയാണെന്നും പി.വി അൻവർ ​ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മെക് സെവൻ വിവാദത്തിൽനിന്ന് മോഹനൻ മാസ്റ്റരും സിപിഎമ്മും പിൻമാറിയെന്നു പറയുന്നുണ്ടെങ്കിലും പതിവുപോലെ അതേറ്റുപിടിച്ച് സംഘപരിവാരവും ഹിന്ദുത്വവാദികളും കേരളത്തിനകത്തും പുറത്തും അതേറ്റുപിടിച്ച് മുന്നേറുകയാണ്.

സിപിഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മറ്റിയംഗവുമായ പി. മോഹനന്റെ പ്രസ്താവന സിപിഎമ്മിനെ പിടികൂടിയിരിക്കുന്ന ഇസ്ലാമോഫോബിയയുടെ പുളിച്ചുതികട്ടലല്ലാതെ മറ്റൊന്നുമല്ല.

മെക് സെവന്റെ പിന്നിൽ മുസ്ലീം തീവ്രവാദികളാണെന്നും അത്തരം കൂട്ടായ്മകൾ ശ്രദ്ധിക്കണമെന്നുമായിരുന്നു മോഹനന്റെ പ്രസ്താവന.

മുസ്ലീംങ്ങൾ തീവ്രവാദ പരിശീലനം നടക്കുകയാണെന്ന തരത്തിലുള്ള പ്രചാരണമാണ് ഉത്തരേന്ത്യയിൽ നടക്കുന്നത്. മോഹനൻറെ തിരുത്തൽ പ്രസ്താവനയൊന്നും അവിടെയെത്തില്ല.

അസത്യം ചെരിപ്പിട്ടു ഇതിനകം അനേകദൂരം സഞ്ചരിച്ചുകഴിഞ്ഞിരിക്കുന്നു. ഇവിടുത്തെ കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറിയാണ് ഇത്തരത്തിൽ പരാമർശങ്ങൾ നടത്തിയതെന്ന വാർത്തയാണ് അവിടെ പ്രചരിക്കുന്നത്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, പിണറായി വിജയൻ, കേന്ദ്രക്കമ്മറ്റിയംഗം എളമരം കരീം ഉൾപ്പെടെ നിരവധിയാളുകൾ നടത്തിയ പ്രസ്താവനകൾ ഇത്തരത്തിൽ ഉപയോഗപ്പെട്ടിട്ടുണ്ട്.

സിപിഎം ഇത്തരത്തിലുള്ള ആരോപണങ്ങൾ വളരെ ബോധപൂർവം പ്രചരിപ്പിക്കുകയാണോയെന്നു സംശയിക്കത്തക്കവിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. സിപിഎം ഉയർത്തുന്ന പ്രചാരണങ്ങൾ സംഘികളാണ് പ്രചരിപ്പിക്കുന്നത്. ആരാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത് ?

ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മോഹനൻ മാസ്റ്റരെപ്പോലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ പരസ്യപ്രസ്താവന നടത്തുകയാണോ ചെയ്യേണ്ടത് ?

അവരുടെ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രികൂടിയായി ഭരിക്കുന്നൊരു സംസ്ഥാനത്ത് ജില്ലാ സെക്രട്ടറിക്ക് അത് ആഭ്യന്തര വകുപ്പിന് കൈമാറി കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിച്ചറിയാൻ മാർഗ്ഗങ്ങളുണ്ടെന്നിരിക്കെയാണ് ബോധപൂർവം മുസ്ലീംവിരുദ്ധർക്ക് വിഷയങ്ങളിട്ടുകൊടുക്കുന്നത്.

ഉത്തരേന്ത്യയിലടക്കം നിലവിൽ ഭീഷണി നേരിടുന്ന മുസ്ലീം ന്യൂനപക്ഷത്തിനെതിരായ ആക്രമണത്തിനാണ് ഇത്തരം പ്രസ്താവനകൾ ആക്കംകുട്ടുകയെന്ന് അറിയാത്തവരാണോ ഇവർ ?

ആരോഗ്യസംരക്ഷണം സംബന്ധിച്ച് ബോധമുള്ള ജനങ്ങൾ ജാതിമതഭേദമെന്യേ ഏർപ്പെടുന്ന വ്യായാമമുറകളെപ്പോലുള്ള കൂട്ടായ്മകളെ ഒരുതരം മതക്കണ്ണിലൂടെ വീക്ഷിക്കുകയും മുസ്ലീംവിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ സംഘപരിവാര യുക്തികളാണുള്ളതെന്നു കാണാൻ വിഷമമില്ല.

ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വമ്പിച്ച തോൽവി ഏറ്റുവാങ്ങിയ സിപിഎം, ഹിന്ദു കാർഡിറക്കി തങ്ങൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനപിന്തുണ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരിഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചുപിടിക്കാൻ കഴിയുമോയെന്ന ശ്രമമാണ് നടക്കുന്നത്.

ബിജെപിയുടെ ബി ടീമായി കേരളത്തിലെ സിപിഎം മാറിയിരിക്കുന്നുവെന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മെക് സെവൻ സംബന്ധിച്ചുയർന്ന നിലപാടുകൾ കാണിക്കുന്നത്.

ഇന്ത്യയിലാകെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസ് നടത്തുന്ന ആയുധപരിശീലനമടക്കമുള്ള കാര്യങ്ങളിൽ നിശബ്ദമായിരിക്കെ തന്നെയാണ് തീർത്തും സദുദ്ദേശ്യപരമായ ലക്ഷ്യത്തോടെ നടത്തുന്ന മെക് സെവൻ പോലുള്ള കൂട്ടായ്മകളെ പ്രശ്നവൽക്കരിക്കുന്നതിലൂടെ ചെയ്യുന്നത്.

ഇന്ത്യയിൽ ഒരു കാലത്തും ഇസ്ലാം മതം അധികാരത്തിൽ വരാൻ സാധ്യതയില്ലെന്നു സിപിഎമ്മിന്റെ തന്നെ നേതാക്കൾ പലവട്ടം പറഞ്ഞതാണ്. അതാണ് ശരിയും.

ഇസ്ലാം ഭൂരിപക്ഷമാകുന്ന തരത്തിൽ വളർന്നു വരുന്നുവെന്നത് ഇന്ത്യയിൽ സംഘപരിവാരത്തിന്റെ പ്രചാരണമാണ്. ഈ പ്രാചരണമാണ് കമ്യൂണിസ്റ്റ്പാർട്ടിയുടെ ജില്ലാസെക്രട്ടറിയിലൂടെ പുറത്തുവരുന്നത്.

നിലവിൽ ഇന്ത്യയിൽ ഇസ്ലാം മതവിശ്വാസികൾ വേട്ടയാടപ്പെടുകയും അടിച്ചോടിക്കപ്പെടുകയും കൊല്ലപ്പെടുകയും അവരുടെ ആരാധനാലയങ്ങൾ ആക്രമണങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്നൊരു കാലത്താണ് സിപിഎമ്മിന്റെ സംസ്ഥാനനേതാവ് ഇത്തരത്തിൽ തികഞ്ഞ അനവധാനതയോടെ സംസാരിക്കുന്നത്.

അടിത്തട്ടുമുതൽ കേന്ദ്രക്കമ്മറ്റിവരെയുള്ളവർ ഇത്തരത്തിൽ വ്യാപകമായി ഇസ്ലാമോഫോബിയ വളർത്തുന്നതുകൊണ്ടാണ് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിക്കും ഡിവൈഎഫ്ഐ സംസ്ഥാന നേതാവിനും വളരെ നിസ്സാരമായി ആർ.എസ്.എസ് കൂടാരത്തിലേക്ക് കയറാൻ കഴിയുന്നത്.

നാദാപുരത്ത് മുസ്ലീംങ്ങൾക്കെതിരെ സിപിഎം നടത്തുന്ന വിദ്വേഷ പ്രചാരണങ്ങൾ കേട്ടുവളർന്ന് നേതാവായ മോഹനനെപ്പോലുള്ളവർക്ക് മുസ്ലീംങ്ങൾ നടത്തുന്നതെന്തും തീവ്രവാദമാണെന്നു തോന്നുന്നതിൽ സംശയമില്ല.









#Mohanan #who #grew #up #hearing #CPM #hate #campaign #against #Muslims #Nadapuram #feels #whatever #terrorism #PVAnwar

Next TV

Top Stories