( www.truevisionnews.com) 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ 'മീറ്റ് ദ ഡയറക്ടേഴ്‌സ്' പരിപാടിയിൽ പങ്കെടുത്തത് പ്രഗത്ഭ ചലച്ചിത്ര പ്രതിഭകൾ.
'അപ്പുറം' സിനിമയുടെ സംവിധായിക ഇന്ദുലക്ഷ്മി, ചിത്രത്തിലെ അഭിനേതാവ് ജഗദീഷ്, 'വെളിച്ചം തേടി' സിനിമയുടെ സംവിധായകൻ റിനോഷൻ കെ., അർജന്റൈൻ ചിത്രമായ 'ലിന്റ'യുടെ സഹരചയിതാക്കളിൽ ഒരാളായ സബ്രിന കാംപ്പോസ് എന്നിവരാണ് പരിപാടിയിൽ പങ്കെടുത്തത്.
ശക്തമായ കഥാപാത്രങ്ങളിലൂടെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ വ്യക്തമായ നിലപാടുകളാണ് 'അപ്പുറം' സിനിമയിൽ പങ്കുവയ്ക്കുന്നതെന്നു സംവിധായിക ഇന്ദുലക്ഷ്മി പറഞ്ഞു.
സിനിമ നിർമിക്കാനുള്ള സാമ്പത്തിക പരിമിതി സർഗാത്മകതയ്ക്കു തടസം നിൽക്കരുതെന്ന് നിശ്ചയിച്ച് അച്ഛൻ രവി ശ്രീധർ ഒപ്പം ചേർന്നതോടെയാണ് 'അപ്പുറം' യാഥാർഥ്യമായത്.
സംഗീത സംവിധായകൻ ബിജിപാൽ, ചിത്രത്തിന്റെ എഡിറ്റർ അപ്പു എൻ ഭട്ടത്തിരി,രാകേഷ് ധരൻ എന്നിവരും നിർമാണത്തിൽ പങ്കാളികളായി. അതുകൊണ്ട് തന്നെ വ്യക്തിപരമായും ഏറെ പ്രിയപ്പെട്ടതാണ് ചിത്രമെന്ന് ഇന്ദുലക്ഷ്മി പറയുന്നു. ബജറ്റ് ഒരു പരിമിതിയായി കാണാതെ എല്ലാ കഥാപാത്രങ്ങളെയും പൂർണതയിൽത്തന്നെ അവതരിപ്പിക്കാനായത് ഏറെ സംതൃപ്തി നൽകുന്നുവെന്ന് സംവിധായിക പറഞ്ഞു.
ഐ.എഫ്.എഫ്.കെയുടെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 'അപ്പുറം' പ്രദർശിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇന്ദുലക്ഷ്മി പറഞ്ഞു. അമ്മയോടുള്ള സ്‌നേഹത്തിനും അവരെ നഷ്ടപ്പെടുമെന്ന ഭയത്തിനും ഇടയിൽ അകപ്പെട്ട ഒരു കൗമാരക്കാരിയുടെ കഥയാണ് ചിത്രം പറയുന്നത്.
അപ്പുറം സിനിമ ഐ.എഫ്.എഫ്.കെയിലെ അന്താരാഷ്ട്ര മത്സരത്തിലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജഗദീഷ് പറഞ്ഞു. ഗൗരവമുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമയാണ് അപ്പുറം .
വേണു എന്ന കഥാപാത്രത്തിന്റെ പൂർണതയിൽ അതീവ തൃപ്തയാണെന്ന സംവിധായികയുടെ പ്രശംസയാണ് ഏറ്റവും വലിയ അംഗീകാരം. തന്റെ കഴിവുകൾ പരമാവധി ഉപയോഗപ്പെടുത്തി മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ദുലക്ഷ്മി സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
സിനിമകൾ എങ്ങനെ അന്താരാഷ്ട്രതലത്തിൽ സാംസ്‌കാരിക വിനിമയത്തിന് സഹായകമാകുന്നു എന്നാണ് അർജന്റീനയിൽ നിന്നുള്ള ലിന്റ സിനിമയുടെ സഹരചയിതാവ് സബ്രിന കാംപ്പോസ് വിശദീകരിച്ചത്.
ഐ.എഫ്.എഫ്.കെയിൽ ലിന്റ പ്രദർശിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് സബ്രിന പറഞ്ഞു. ബ്യൂനസ് ഐറിസിലെ സമ്പന്ന കുടുംബത്തിന് വേണ്ടി ജോലിചെയ്യാൻ എത്തുന്ന യുവതിയുടെ കഥയാണ് ലിന്റ എന്ന ചിത്രത്തിന്റെ പ്രമേയം.
രണ്ടാം ദിനത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്ന സിനിമ 'വെളിച്ചം തേടി'യെക്കുറിച്ച് സംവിധായകൻ റിനോഷൻ കെ. സംസാരിച്ചു. കുറഞ്ഞ ബജറ്റിൽ പ്രതിഭാശാലികളായ സംഘത്തിന്റെ പ്രവർത്തനത്തിന്റെ പിൻബലത്തിൽ ആണ് സിനിമ ഒരുക്കാനായതെന്ന് റിനോഷൻ പറഞ്ഞു.
മുഴുവൻ സമയ ജോലിക്കിടയിൽ, സിനിമയോടുള്ള അതീവ താല്പര്യമാണ് 'വെളിച്ചം തേടി' ചെയ്യാൻ പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു. റിനോഷണിന്റെ സിനിമയായ ഫസ്റ്റ് ഫൈവ് ഡെയ്‌സ്, 28-ാംഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിച്ചിരുന്നു.
#29th #IFFK #Meet #Directors #event #has #begun