നാദാപുരം: (truevisionnews.com) കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് സ്വകാര്യ ബസ് തടഞ്ഞ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു.
തണ്ണീർപന്തൽ-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരായ ഡ്രൈവർ അരൂർ സ്വദേശി ഹരികൃഷ്ണൻ (24), കണ്ടക്ടർ വള്ളിയാട് സ്വദേശി മിഥുൻ (37) എന്നിവർക്കാണ് മർദ്ദനമേറ്റത്. കണ്ണിന് സാരമായി പരിക്കേറ്റ മിഥുനെ വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. കടമേരിയിൽ നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 18 എസി 9369 നമ്പർ അശ്വിൻ ബസ് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചാണ് അക്രമം.
തണ്ണീർ പന്തലിന് സമീപം സി സി മുക്കിൽ ബസ് തടഞ്ഞ് നിർത്തി കെഎൽ 18 എഎഫ് 0100 കാറിലെത്തിയവർ അസഭ്യം വിളിക്കുകയും പട്ടിക വടികൾ ഉൾപ്പെടെ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു എന്ന് ബസ് ജീവനക്കാർ പറഞ്ഞു.
കാർ റോഡിന് കുറുകെയിട്ടായിരുന്നു അക്രമം. ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമത്തിന്റെ മൊബൈൽ ക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#car #not #given #side #bus #stopped #employees #brutally #beaten