കണ്ണൂര്‍: (truevisionnews.com) തോട്ടട ഗവ. ഐടിഐയിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷത്തില്‍ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിന് നട്ടെല്ലിന് പരിക്ക്.
മുഹമ്മദ് റിബിന്‍ (26) ചാല മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല, രക്തസാക്ഷിയാക്കി തരാം എന്നതടക്കം നേരത്തെ മുതല്‍ എസ്എഫ്‌ഐയില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് റിബിന്‍ പ്രതികരിച്ചു.
'കഴുത്തിനും നട്ടെല്ലിനുമായി നല്ല വേദനയുണ്ട്. നട്ടെല്ലിന്റെ ഭാഗത്തായി ഫ്രാക്ചര്‍ ഉണ്ട്. ഇന്നലെ രാത്രി ബോധം ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നത്.
എസ്എഫ്‌ഐക്കാര്‍ തന്നെയാണ് മർദ്ദിച്ചത്. തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ സമ്മതിക്കില്ല, രക്തസാക്ഷിയാക്കി തരാം, കൊന്നുതരാം എന്നതരത്തില്‍ ഭീഷണി നേരത്തെ മുതല്‍ ഉണ്ടായിരുന്നു. അതിനിടെയാണ് ഇന്നലെ അധ്യാപകരുടെ മുന്നില്‍വെച്ച് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയത്.
എസ്എഫ്‌ഐയുടെ കൊടികെട്ടിയ മുളവടി ഉപയോഗിച്ചാണ് തലക്കടിച്ചത്. തട്ടിമാറ്റാന്‍ ശ്രമിച്ച അധ്യാപകരെയും തല്ലി. നീ ചത്തിട്ടില്ലേയെന്ന് ചോദിച്ചാണ് വീണ്ടും മര്‍ദ്ദിച്ചത്, സംഭവത്തെക്കുറിച്ച് റിബിന്‍ ഓര്‍ത്തെടുത്തു.
ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. കൂടെ പഠിക്കുന്ന എസ്എഫ്‌ഐക്കാരാണ് മര്‍ദ്ദിച്ചത്. നല്ല ചങ്ങാതിമാരായിരുന്നു. കെഎസ്‌യുക്കാരനെ വളഞ്ഞിട്ട് തല്ലി പഠിപ്പ് നിര്‍ത്തിക്കുന്ന അവസ്ഥ ആ കോളേജിലുണ്ട്. കെഎസ്‌യു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങിയെന്ന് പറഞ്ഞ് നേരത്തെ ഒരു വിദ്യാർത്ഥിയെ മര്‍ദ്ദിച്ചിരുന്നു.
ഒടുവില്‍ പഠിപ്പ് നിര്‍ത്തി. മനുഷ്യത്വമുള്ളവര്‍ക്ക് അവിടുത്തെ കാഴ്ച്ച കണ്ടുനില്‍ക്കാനാവില്ല. കെഎസ്‌യു ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്തകുട്ടിയെ മര്‍ദ്ദിച്ചു. എന്റെ ശരീരത്തെ മാത്രമെ തളര്‍ത്താന്‍ ആകൂ. ആശയപരമായി തകര്‍ക്കാന്‍ ആകില്ലെ'ന്നും റിബിന്‍ കൂട്ടിച്ചേര്‍ത്തു.
#KSU #unit #president #injured #spine #SFI #KSU #clash #ITI #kannur