( www.truevisionnews.com) ഇന്‍ഷൂറന്‍സ് പണം തട്ടാനായി യുവാവ് നടത്തിയ അതിക്രൂര കൊലപാതകത്തിന്‍റെ ചുരുളഴിയുന്നു.
ഭിക്ഷക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് സ്വന്തം തിരിച്ചറിയല്‍ രേഖകള്‍ ഉപേക്ഷിച്ചാണ് യുവാവ് തട്ടിപ്പ് നടത്താനുദ്ദേശിച്ചത്.
എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ പ്രതി കുടുങ്ങി. രാജസ്ഥാനിലെ ബാന്‍സ്വര ജില്ലയിലാണ് സംഭവം.
കടം കാരണം പൊറുതിമുട്ടിയ നരേന്ദ്ര സിങ് റാവത്ത് എന്ന യുവാവാണ് അരുംകൊലയ്ക്കു പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിനാണ് അപകടത്തില്‍ മരണപ്പെട്ട യുവാവിനെയും സമീപത്തായി ഒരു ബാഗും പൊലീസ് കണ്ടെത്തിയത്.
സംഭവസ്ഥലത്ത് നിന്ന് ലഭിച്ച രേഖകളുമായി പൊലീസ് നരേന്ദ്ര സിങ്ങിന്‍റെ ബന്ധുക്കളെ അന്വേഷിച്ചെത്തി.
വാഹനം ഇടിച്ചുതെറിപ്പിച്ച് ചതഞ്ഞരഞ്ഞ നിലയിലായിരുന്നതിനാല്‍ മൃതദേഹം നരേന്ദ്ര സിങ്ങിന്‍റേത് തന്നെയാണോ എന്ന് കണ്ടെത്തുന്നതില്‍ അന്വേഷണസംഘത്തിന് ബുദ്ധിമുട്ട് നേരിട്ടു.
എന്നാല്‍ മൃതദേഹം തിരിച്ചറിയാനെത്തിയ ബന്ധുക്കള്‍ ഇത് നരേന്ദ്ര സിങ് അല്ലെന്ന് വ്യക്തമാക്കി. ഇതോടെ അന്വേഷണം മറ്റൊരു തരത്തിലേക്ക് നീങ്ങി.
അന്വേഷണം ചെന്നെത്തിയത് ഭായ്റാല്‍, ഇബ്രാഹിം എന്നീ രണ്ട് വ്യക്തികളിലാണ്. ഇബ്രാഹിമായിരുന്നു യുവാവിനെ ഇടിച്ച വാഹനം ഓടിച്ചിരുന്നത്.
ചോദ്യം ചെയ്യലില്‍ കൂട്ടുപ്രതിയായ ഭായ്റാല്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.
കൊല്ലപ്പെട്ടത് നരേന്ദ്ര സിങ്ങ് അല്ല, തെരുവില്‍ അലഞ്ഞുനടന്നിരുന്ന തുഫാന്‍ സിങ് എന്ന ഭിക്ഷക്കാരനാണെന്ന് ഭായ്റാല്‍ മൊഴി നല്‍കി.
നവംബര്‍ മുപ്പതിന് ഗുജറാത്തില്‍ ജോലി തരപ്പെടുത്തി നല്‍കാം എന്ന വാഗ്ദാനവുമായി നരേന്ദ്ര സിങ്ങും ഭായ്റാലും ഇബ്രാഹിമും കൂടി തുഫാനെ സമീപിച്ചു. ബോധം മറയുന്ന വരെ തുഫാന് പ്രതികള്‍ മദ്യം നല്‍കി. പിന്നീടാണ് അരുംകൊല നടത്തിയത്. ഹൈവേയില്‍ തുഫാനെ എടുത്തുകിടത്തിയ ശേഷം ശരീരത്തിലൂടെ ട്രക്ക് ഓടിച്ചു കയറ്റി കൊന്നു. പിന്നീട് നരേന്ദ്ര സിങ്ങിന്‍റെ തിരിച്ചറിയല്‍ രേഖകള്‍ മൃതദേഹത്തിനു സമീപം നിക്ഷേപിച്ചു.
നരേന്ദ്ര സിങ് ഒറ്റയ്ക്കാണ് കൊലപാതകം പദ്ധതിയിട്ടതെന്ന് പൊലീസ് വ്യക്തമാക്കി. കൊലയ്ക്കു ശേഷം ഇയാള്‍ ഒളിവില്‍ പോയി. മരണാനന്തരം ലഭിക്കാനിരിക്കുന്ന ഇന്‍ഷൂറന്‍സ് തുകയായിരുന്നു ലക്ഷ്യം. നരേന്ദ്ര സിങ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
#bruised #body #Relatives #who #none #police #solved #mystery #crime