കൊട്ടാരക്കര: (truevisionnews.com) സ്പെഷ്യൽ സബ് ജയിലിൽ അക്രമാസക്തനായ പ്രതി സഹതടവുകാരെ കുപ്പിച്ചില്ല് ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും ജയിൽ ഉദ്യോഗസ്ഥരെ മർദിക്കുകയും ചെയ്തു.
പരിക്കേറ്റ സഹ തടവുകാരായ എം.മനു (36), ജയിൻ സാം (31), അസി. പ്രിസൺ ഓഫീസർമാരായ ധനേഷ് കുമാർ (31), രാമചന്ദ്രൻ (36) എന്നിവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു
സംഭവത്തെക്കുറിച്ച് ജയിൽ ഡി.ജി.പി.ക്ക് സൂപ്രണ്ട് റിപ്പോർട്ട് നൽകി. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും ജീവപര്യന്തം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുള്ള പന്മന പള്ളത്ത് പടീറ്റതിൽ ശ്രീകുമാർ (40) ആണ് അക്രമം കാട്ടിയത്.
പുനലൂരിൽ പിടിച്ചുപറിക്കേസിൽ അറസ്റ്റിലായ ശ്രീകുമാറിനെ കഴിഞ്ഞ 17-നാണ് കൊട്ടാരക്കര ജയിലിൽ എത്തിച്ചത്.
ജയിലിൽ എത്തിയ നാൾമുതൽ സഹതടവുകാരെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്യുന്ന ശ്രീകുമാർ വ്യാഴാഴ്ച രാത്രി സഹതടവുകാരനായ രാജേഷിനെ മർദിച്ചിരുന്നു.
തുടർന്ന് ഇയാളെ കഴിഞ്ഞദിവസം എഫ്-സെല്ലിലേക്കു മാറ്റി. സെല്ലിനുള്ളിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന മനു എന്ന തടവുകാരനെ മർദിക്കുകയും കൈയിൽ കരുതിയിരുന്ന കുപ്പിച്ചില്ലുമായി കഴുത്തിലും ദേഹത്തും വരയുകയും ചെയ്തു.
തടയാൻ ശ്രമിച്ച രാമചന്ദ്രനെയും മറ്റു തടവുകാരെയും മർദിച്ചു. ബഹളംകേട്ട് തടയാനെത്തിയപ്പോഴാണ് ജയിൽ ഉദ്യോഗസ്ഥരെ ചവിട്ടുകയും യൂണിഫോം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തത്.
കൂടുതൽ ഉദ്യോഗസ്ഥരും തടവുകാരും ചേർന്ന് ശ്രീകുമാറിനെ കീഴടക്കുകയായിരുന്നു.
കൊടി സുനിയുടെ ക്വട്ടേഷൻ സംഘത്തിലുൾപ്പെട്ട ശ്രീകുമാർ മാവേലിക്കരയിൽ പോലീസുകാരെ കുത്തിയ കേസിൽ പ്രതിയാണെന്നും സെൻട്രൽ ജയിലിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്നും ജയിൽ അധികൃതർ പറയുന്നു. രണ്ടുദിവസംമുൻപ് ഹരിപ്പാട് കോടതിയിൽ ഹാജരാക്കാനായി പോലീസുകാർക്കൊപ്പം അയച്ചപ്പോൾ വിലങ്ങുവെച്ചതിന്റെ പേരിൽ കലഹിക്കുകയും കോടതിയിൽ പോകാതെ ജയിലിലേക്കുതന്നെ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തിരികെ ജയിലിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥനെ അസഭ്യംവിളിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവവും ഉണ്ടായിരുന്നതായി സൂപ്രണ്ട് ശ്രീരാമൻ പറയുന്നു. കൊട്ടാരക്കര പോലീസ് അന്വേഷണം തുടങ്ങി.
#Quotation #gang #member #violently #jail #Fellow #prisoners #officers #attacked