ഗസ്സ സിറ്റി: ( www.truevisionnews.com ) ഗസ്സ മുനമ്പിന്റെ വടക്കുഭാഗത്ത് കഷ്‌ടിച്ച് പ്രവർത്തിക്കുന്ന ഒരു ആശുപത്രി നിർബന്ധിതമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു ഇസ്രായേൽ.
പിന്നാലെ തൊട്ടടുത്തുള്ള സ്‌കൂളുകളും അഭയാർത്ഥി ക്യാമ്പും തകർത്ത് തരിപ്പണമാക്കി. അൽ-മവാസിയുടെ 'സേഫ് സോൺ' എന്ന് വിളിക്കുന്ന പ്രദേശത്തായിരുന്നു വ്യാപക ആക്രമണം.
ഡ്രോൺ ആക്രമണത്തിൽ അഭയാർഥികളുടെ കൂടാരങ്ങൾ കത്തിച്ചുചാമ്പലാക്കി. ഇവിടെ ഏഴ് ജീവനുകളാണ് ഇസ്രായേൽ ബോംബുകൾ വിഴുങ്ങിയത്.
സാധാരണക്കാർ സഞ്ചരിച്ച ഒരു കാറിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിനും നേരെ നടത്തിയ ആക്രമണത്തിൽ നാലുപേരും കൊല്ലപ്പെട്ടു. മധ്യ ഗസ്സയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ തിങ്ങിപ്പാർക്കുന്ന സ്‌കൂളും ഒഴിവാക്കിയില്ല.
പുലർച്ചെ ക്വാഡ്‌കോപ്റ്ററുകളും കവചിത വാഹനങ്ങളുമായി എത്തി സ്‌കൂൾ കെട്ടിടത്തിന് നേരെ നിർത്താതെ വെടിയുതിർക്കുകയായിരുന്നു ഇസ്രായേൽ സൈന്യം. ഇവിടെ ഒരാൾ കൊല്ലപ്പെട്ടു.
ക്യാമ്പിന് വടക്കുള്ള പ്രദേശത്ത് നടത്തിയ ആക്രമണത്തിൽ നാലുപേരെയും ഇസ്രായേൽ കൊലപ്പെടുത്തി. ഞായറാഴ്‌ച പുലർച്ചെ മുതൽ ആകെ 50 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണം തുടരുന്നതിനിടെ ബെയ്റ്റ് ലാഹിയയിലെ കമാൽ അദ്വാൻ ആശുപത്രി അടച്ചുപൂട്ടാനും ആളുകൾ ഒഴിഞ്ഞുപോകാനും സൈന്യം ഉത്തരവിട്ടു. ഇൻകുബേറ്ററുകളിലെ കുഞ്ഞുങ്ങൾ അടക്കം 400 നിസ്സഹായരായ മനുഷ്യരാണ് അൽപ ജീവനുമായി ഈ ആശുപത്രിയിൽ കഴിയുന്നത്.
വടക്കൻ മേഖലയിൽ മൂന്ന് മാസത്തോളമായി ആയിരക്കണക്കിന് ആളുകൾ ഇസ്രായേൽ ഉപരോധത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ പ്രവർത്തിക്കുന്ന ചുരുക്കം ചില ആശുപത്രികളിൽ ഒന്നാണ് കമാൽ അദ്വാൻ.
ബോംബുകൾ, പീരങ്കി ഷെല്ലുകൾ, സ്‌നിപ്പർ എന്നിങ്ങനെ പലവിധത്തിൽ ആശുപത്രി തകർക്കാൻ ശ്രമിച്ചിരുന്നു ഇസ്രായേൽ. നവജാത ശിശുക്കളും ഗർഭിണികളും ചികിത്സക്കായി കഴിയുന്ന വാർഡ് ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
സൈന്യം ആശുപത്രിയിൽ എത്തുന്ന ഇന്ധന ടാങ്കുകൾ ലക്ഷ്യംവെക്കുന്നതായി ആശുപത്രി മേധാവി ഹുസാം അബു സഫിയ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
വലിയ സ്ഫോടനത്തിനും ആശുപത്രിക്കുള്ളിൽ കഴിയുന്ന സാധാരണക്കാരുടെ കൂട്ടക്കൊലപാതകത്തിനും ഇത് കാരണമാകുമെന്നാണ് ഹുസാം പറയുന്നത്. രോഗികളെ പുറത്തെത്തിക്കാൻ വേണ്ടത്ര ആംബുലൻസുകൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടാനുള്ള ഉത്തരവ് പാലിക്കുക അസാധ്യമാണ്. കമാൽ അദ്വാനെതിരെ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണങ്ങൾ വംശീയ ഉന്മൂലനമാണെന്ന് ഹമാസ് പറഞ്ഞു.
രോഗികളും പരിക്കേറ്റവും കുടിയിറക്കപ്പെട്ടവരുമാണ് ആശുപത്രിയിൽ കഴിയുന്നത്. ഇസ്രായേൽ കുടിയിറക്കപ്പെട്ട ആളുകളോട് പോകാൻ നിർദേശിക്കുന്ന 'സേഫ് സോണുകൾ' ആയ ഒരു സ്ഥലവും സുരക്ഷിതമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അൽ മവാസിയിലെ കുടിയൊഴിപ്പിക്കൽ മേഖല, അഭയാർത്ഥി ക്യാമ്പുകൾ, സ്‌കൂളുകൾ എന്തിന് ആശുപത്രികൾ പോലും ഇസ്രായേൽ ബോംബുകളിൽ നിന്ന് സുരക്ഷിതമല്ല.
കഴിഞ്ഞ ഒരു മാസമായി ഈ 'സുരക്ഷിത സ്ഥലങ്ങളിലെ' ആക്രമങ്ങൾക്ക് തങ്ങൾ സാക്ഷികളാണെന്ന് കമാൽ അദ്വാൻ ആശുപത്രി മേധാവി ഹുസാം അബു സഫിയ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ രണ്ടര മാസത്തിനിടെ വടക്കൻ ഗസ്സയിലേക്ക് 12 സഹായ ട്രക്കുകൾ മാത്രമാണ് ഇസ്രായേൽ അധികൃതർ അനുവദിച്ചതെന്ന് ചാരിറ്റി ഓക്‌സ്‌ഫാമും വ്യക്തമാക്കി.ഒടുക്കമില്ലാത്ത ആക്രമണം തുടരുകയാണ് ഇസ്രായേൽ. അതിജീവിച്ചവരെ അടിയന്തര സഹായം പോലും എത്തിക്കാൻ അനുവദിക്കാതെ പട്ടിണിക്കിട്ട് കൊല്ലുന്നു.
24 മണിക്കൂറിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് ആളുകളെ ഇസ്രായേൽ കൊന്നൊടുക്കി. സ്‌കൂളുകൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങൾ 'സാധാരണം' എന്ന നിലയിലേക്ക് മാറ്റിയിരിക്കുകയാണ്.
2023 ഒക്‌ടോബർ 7 മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേലിൻ്റെ യുദ്ധത്തിൽ കുറഞ്ഞത് 45,317 ഫലസ്‌തീനികൾ കൊല്ലപ്പെടുകയും 107,713 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
#Babies #and #pregnant #women #incubators #waiting #die #Israel #without #leaving #last #hospital