(പാലക്കാട്: truevisionnews.com) നീല ട്രോളി ഭാഗമായുള്ള ആരോപണത്തിൽ ഉറച്ച് സി.പി.എം.
തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ബാഗിൽ കള്ളപ്പണം എത്തിച്ചു എന്നായിരുന്നു സിപിഎംന്റെ ആരോപണം.
വിഷയത്തിൽ പൊലീസിന് വീഴ്ചപറ്റിയിട്ടില്ലെന്നും പൊലീസെത്തുമ്പോഴേക്കും കോൺഗ്രസ് നേതാക്കൾ പണം മാറ്റിയിട്ടുണ്ടാകുമെന്നും സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.
കള്ളപ്പണം വന്നതായി സംശയിക്കുന്നെന്നാണ് പാർട്ടി പറഞ്ഞത്. ആ സംശയം തെറ്റല്ല. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി എന്തിനാണ് പെട്ടിയുമായി ഹോട്ടലിൽ വന്നത്. പെട്ടിയുമായി എത്തിയ ഫെനി ഉടൻതന്നെ കോൺഗ്രസ് നേതാക്കളുള്ള മുറിയിലേക്കാണ് പോയത്. സി.സി.ടി.വി ദൃശ്യങ്ങൾ തങ്ങളുടെ സംശയങ്ങൾ ദൃഢമാക്കുന്നതാണെന്നും ഇ.എൻ. സുരേഷ്ബാബു പറഞ്ഞു.
തുടരന്വേഷണം ആവശ്യപ്പെടുന്നത് പിന്നീട് ആലോചിക്കുമെന്നും സുരേഷ് ബാബു വ്യക്തമാക്കി. വിവാദത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന സി. കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
#Congress #leaders #shift #money #police #CPM #blue #trolley #bag #allegation