(truevisionnews.com) ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ ഭർത്താവിന് വധശിക്ഷ വിധിച്ച് ചൈനീസ് കോടതി.
ഭാര്യയെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള ലൈഫ് ഇൻഷുറൻസ് നഷ്ടപരിഹാരം തട്ടിയെടുക്കുന്നതിന് വേണ്ടിയാണ് ഭർത്താവ് ഇത്തരത്തിൽ ഒരു ക്രൂരകൃത്യം നടത്തിയത്.
കടം വീട്ടാനും വേശ്യാവൃത്തിക്ക് പണം കണ്ടെത്താനുമാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
നവംബർ 21 -ന് ചൈനയിലെ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തതനുസരിച്ച് ലീ എന്ന 47 -കാരനാണ് ഭാര്യയെ കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത്.
2021 -ൽ നടന്ന കുറ്റകൃത്യത്തിന്‍റെയും കോടതി വിധിയുടെയും വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവിടുന്നത്. കഴിഞ്ഞ ഡിസംബറിൽ ലിയോണിംഗ് ഹയർ പീപ്പിൾസ് കോടതി മനഃപൂർവമായ നരഹത്യയ്ക്ക് ഇയാൾക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും ശിക്ഷ നടപ്പാക്കിയോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
2021 മെയ് 5 ന്, വടക്ക് - കിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയനിൽ നിന്ന് കിഴക്കൻ ചൈനയിലെ ഷാൻഡോംഗ് പ്രവിശ്യയിലെ യാന്‍റായിയിലേക്ക് ഒരു ഫെറിയില്‍ യാത്ര ചെയ്യവേയാണ് ഇയാള്‍ ഭാര്യയെ കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
45 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ മരണവാർത്ത കേട്ടപ്പോൾ, ലീ തളർന്നു വീഴുകയും അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പോലീസിനെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
എന്നാൽ, ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നടന്നത് കൊലപാതകം തന്നെയെന്ന് വ്യക്തമായത്. കൂടാതെ പരിശോധനയിൽ യുവതിയുടെ മുഖത്ത് ചതഞ്ഞ പാടുകളും മറ്റും കണ്ടെത്തി.
ഭാര്യയുടെ മരണ സർട്ടിഫിക്കറ്റ് പോലീസിൽ നിന്ന് വാങ്ങാൻ ലീ കാണിച്ച തിടുക്കവും പോലീസിന്‍റെ സംശയം ബലപ്പെടുത്തി.
അന്വേഷണത്തിൽ ഇയാൾ ഷാങ്ഹായിൽ ഒരു റെസ്റ്റോറന്‍റ് നടത്തിയിരുന്നതായും ഈ ബിസിനസില്‍ വലിയ കടബാധ്യത നേരിടുന്നതായും പോലീസ് കണ്ടെത്തി.
ഭാര്യയെ കൊലപ്പെടുത്തുന്നതിന് ആറുമാസം മുൻപാണ് അതീവ രഹസ്യമായി ലീ തന്‍റെ റസ്റ്റോറന്‍റിലെ ജീവനക്കാരിയും രണ്ടു കുട്ടികളുടെ അമ്മയുമായ 46 -കാരിയെ വിവാഹം കഴിച്ചത്.
ഒരു മില്യൺ യുവാൻ (US$ 1,40,000) കടബാധ്യതയുള്ള ലി, വിവാഹത്തിന് രണ്ട് മാസത്തിന് ശേഷം ഭാര്യക്ക് നാല് ലൈഫ് ഇൻഷുറൻസ് പോളിസികൾ വാങ്ങി സ്വയം നോമിനി ആകുകയും ചെയ്തു.
ഭാര്യ അപകടത്തിൽ മരണപ്പെട്ടാൽ പോളിസി മാനദണ്ഡങ്ങൾ പ്രകാരം നാലു പോളിസികളിൽ നിന്നുള്ള നഷ്ടപരിഹാരമായി ഇയാൾക്ക് മൊത്തം 12 ദശലക്ഷം യുവാൻ (1.6 ദശലക്ഷം യുഎസ് ഡോളർ) ലഭിക്കും.
ഈ ഭീമമായ തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ലിയുടെ ക്രൂരകൃത്യം. കൂടാതെ ഇയാൾക്ക് 19 -കാരിയായ ഒരു കാമുകിയുള്ളതായും പോലീസ് കണ്ടെത്തി.
താൻ നിരപരാധിയാണെന്ന് സ്ഥാപിക്കാൻ ലീ നിരന്തര ശ്രമങ്ങൾ നടത്തിയെങ്കിലും കഴിഞ്ഞ ഡിസംബറിൽ കോടതി ഇയാളുടെ വധശിക്ഷ ശരി വയ്ക്കുകയായിരുന്നു.
#wife #killed #throwing #sea #husband #overboard #extort #insurance #money #court #sentenced #husband #death