( www.truevisionnews.com ) റുവാണ്ട ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ ബ്ലീഡിങ് ഐ വൈറസ്, എം.പോക്‌സ്, ഒറോപൗഷെ എന്നീ മാരക രോഗങ്ങള്‍ പടരുന്നു.
ബ്ലീഡിങ് ഐ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ബര്‍ഗ് രോഗം ബാധിച്ച് പതിനഞ്ച് പേര്‍ ഇതിനകം മരിച്ചതായാണ് റുവാണ്ടയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. നൂറിലേറെ ആളുകളെ രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
എബോള വൈറസ് ജനുസ്സിൽപ്പെട്ടതാണ് മാര്‍ബര്‍ഗ് വൈറസ്. രോഗലക്ഷണങ്ങള്‍ക്ക് സാമ്യതയുണ്ടെങ്കിലും എബോളയും മാര്‍ബര്‍ഗും രണ്ട് വൈറസുകളാണ് പടര്‍ത്തുന്നത്.
വളരെ പെട്ടന്ന് വ്യാപിക്കുന്ന മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്. മനുഷ്യരില്‍ ഗുരുതരമായ മസ്തിഷ്‌ക ജ്വരവും രക്തസ്രാവവും ഉണ്ടാകാന്‍ ഇടയാക്കുമെന്നതാണ് ഇതിന്റെ കാരണം. 88 ശതമാനം വരെയാണ് മരണനിരക്ക്.
1967ല്‍ ജര്‍മനിയിലെ മാര്‍ബര്‍ഗ് നഗരത്തിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. അങ്ങനെയാണ് രോഗത്തിന് ആ പേര് വന്നത്. ജര്‍മനിയില്‍ ആദ്യമായി വാക്സിന്‍ ലാബില്‍ ജോലി ചെയ്തിരുന്നവരെയാണ് രോഗം ബാധിച്ചത്.
പരീക്ഷണത്തിനെത്തിച്ച കുരങ്ങുകളില്‍ നിന്നായിരുന്നു രോഗം മനുഷ്യരിലേക്ക് പകര്‍ന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പഴംതീനി വവ്വാലുകളില്‍ നിന്നാണ് കുരങ്ങുകളിലേക്ക് വൈറസ് ബാധിച്ചതെന്ന് കണ്ടെത്തി. 1967 മുതല്‍ ദക്ഷിണാഫ്രിക്ക, യുഗോസ്ലാവിയ, കെനിയ, ഉഗാണ്ട, അംഗോള തുടങ്ങി നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാര്‍ബര്‍ഗ് വൈറസിന്റെ ആവാസ കേന്ദ്രം ഗുഹയിലും ഖനികളിലും കഴിയുന്ന പഴംതീനി വവ്വാലുകളാണ്. ഇവയെ രോഗം ബാധിക്കില്ല. ഇവ രോഗാണുക്കളുടെ കാരിയറുകള്‍ ആയിരിക്കും. അതിനാല്‍ തന്നെ രോഗവ്യാപനം വ്യാപകമാകാന്‍ ഇടയുണ്ട്.
ശരീരസ്രവങ്ങള്‍, ചര്‍മത്തിലെ മുറിപ്പാട്, മ്യൂക്കസ് സ്തരം, രക്തം, അണുബാധയുള്ള അവയവങ്ങള്‍, രോഗാണുക്കളുടെ സാന്നിധ്യമുള്ള പ്രതലങ്ങള്‍, തുണികള്‍ തുടങ്ങിയവ വഴിയാണ് ഈ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്നത്. രോഗം ബാധിച്ച് മരിച്ചവരുടെ മൃതദേഹവുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായവര്‍ക്കും രോഗം ബാധിക്കാന്‍ ഇടയാക്കും.
ഉയര്‍ന്ന പനി, അസഹ്യമായ തലവേദന, പേശിവേദന, ശരീരവേദന, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്. കണ്ണുകള്‍, മൂക്കുകള്‍, വായ, യോനി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടാകും.
മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാര്‍ബര്‍ഗ് വൈറസിനായി മാത്രമുള്ള ചികിത്സാരീതി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് അനുയോജിച്ച ചികിത്സയാണ് നല്‍കുക. റീഹ്രൈഡ്രേഷന്‍ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നല്‍കുക.
നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്സിന്‍ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
#Warning #Reports #bleeding #eye #outbreak #death #toll #rises #15