പാലക്കാട്: (www.truevisionnews.com) ഉപതെരഞ്ഞെടുപ്പ് വേളയിൽ സി.പി.എം ഉയർത്തിയ ‘പെട്ടിവിവാദം’ ജനഹിതത്തെ അട്ടിമറിക്കാനുള്ള ശ്രമമായിരുന്നുവെന്ന് നിയുക്ത എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ.
ബി.ജെ.പിയെ ജയിപ്പിക്കാൻ പാലക്കാട്ട് നിന്നുള്ള മന്ത്രിയും അയാളുടെ അളിയനും ചേർന്നാണ് ഈ ആരോപണം ഉന്നയിച്ചത്. ഇതിൽ ഗൂഢാലോചനയുണ്ട്.
പെട്ടിവിവാദം പൊലീസ് ഒഴിവാക്കിയെങ്കിലും യു.ഡി.എഫ് വിടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പെട്ടിയിൽ പണം എത്തിച്ചതായി തെളിവില്ലെന്നും തുടർ നടപടി ആവശ്യമില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിനു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
“ഞാനൊരു തുടക്കക്കാരനാണ്. അങ്ങനെ വരുന്നൊരാളെ രാഷ്ട്രീയം പറയുന്നതിനപ്പുറം ഒരു കള്ളപ്പണക്കാരൻ ആക്കാനാണ് സി.പി.എം ശ്രമിച്ചത്.
തെരഞ്ഞെടുപ്പിന്‍റെ ജനഹിതത്തെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നത്. പെട്ടിക്കുള്ളിൽ ഒന്നുമില്ലെന്ന് പൊലീസ് ഇപ്പോഴാണ് കണ്ടെത്തിയത്.
ഇക്കാര്യം നേരത്തെ ജനം തിരിച്ചറിഞ്ഞിരുന്നു. പെട്ടിക്കകത്തും ഇവരുടെ രാഷ്ട്രീയത്തിലും ഒന്നുമില്ലെന്ന് ജനം തിരിച്ചറിഞ്ഞിരുന്നു.
ബി.ജെ.പി രണ്ടാമത് നിൽക്കുന്ന മണ്ഡലത്തിൽ അവരെ ജയിപ്പിക്കാൻ പാലക്കാട്ട് നിന്നുള്ള സി.പി.എം മന്ത്രിയും അയാളുടെ അളിയനും ചേർന്നാണ് ഈ ആരോപണം ഉന്നയിച്ചത്.
ജലരേഖയുടെ ആയുസ്സു പോലും ഇല്ലാത്ത ആരോപണമാണ് സി.പി.എമ്മും ബി.ജെ.പിയും ഉന്നയിച്ചത്. എന്തായാലും ഈ വിഷയം വിടാൻ ഞങ്ങൾ തയാറല്ല. ഇതിൽ ഗൂഢാലോചനയുണ്ട്.
യു.ഡി.എഫിന്‍റെ വനിതാ നേതാക്കളുടെ മുറിയിൽ പൊലീസുകാർ ഇടിച്ചുകയറിയതിന് ഉൾപ്പെടെ സി.പി.എം നിയമപരമായി മറുപടി പറയേണ്ടി വരും” -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ചില മാധ്യമങ്ങൾ സി.പി.എമ്മിന്‍റെ ആരോപണത്തെ പിന്തുണച്ചെന്നും അവർ അത് തിരുത്താൻ തയാറാകണമെന്നും രാഹുൽ പറഞ്ഞു. ഏതെങ്കിലും മുന്നണിയെ ദ്രോഹിക്കുന്ന സമീപനം മാധ്യമങ്ങൾ സ്വീകരിക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പെട്ടിയിൽ പണം എത്തിച്ചെന്ന് കണ്ടെത്താനായിട്ടില്ലെന്നും തുടർ നടപടികൾ ആവശ്യമില്ലെന്നും അന്വേഷണ സംഘം പാലക്കാട് എസ്.പിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തിയത്. പിന്നീട് സി.പി.എം നൽകിയ പരാതിയിൽ കേസെടുത്തില്ലെങ്കിലും സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
ആരോപണത്തിനപ്പുറം സി.പി.എമ്മിന്‍റെ കൈവശം തെളിവുകളില്ലെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഉപതെരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടൽ മുറികളിൽ നവംബർ അഞ്ചിന് അർധരാത്രിയാണ് പൊലീസ് പരിശോധന നടത്തിയത്.
രാത്രി 12.10ന് സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. 12 മുറികൾ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എ.എസ്.പി അശ്വതി ജിജി പരിശോധനക്കു ശേഷം അറിയിച്ചിരുന്നു.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ അടക്കമുള്ള വനിത നേതാക്കൾ താമസിക്കുന്ന മുറികളിൽ വനിതാ ഉദ്യോഗസ്ഥരില്ലാതെ പൊലീസ് പരിശോധനക്കെത്തിയത് നാടകീയ രംഗങ്ങൾക്കിടയാക്കി.
അര മണിക്കൂറിനു ശേഷം വനിതാ ഉദ്യോഗസ്ഥയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. യു.ഡി.എഫ് കള്ളപ്പണം എത്തിച്ചെന്ന ആരോപണത്തിനു പിന്നാലെ നടത്തിയ പരിശോധനതെരഞ്ഞെടുപ്പു കാലത്ത് വലിയ വിവാദമായിരുന്നു.
#box #controversy #attempt #subvert #people #CPM #allegations #win #BJP #rahulmamkootathil