കോട്ടയം : ( www.truevisionnews.com ) പാമ്പാടി സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചെറിയപള്ളിയിൽ (ചെവിക്കുന്നേൽ പള്ളി) മോഷണം. വാതിലിന്റെ ഒരു ഭാഗം കത്തിച്ചു പള്ളിക്കുള്ളിൽ പ്രവേശിച്ചായിരുന്നു മോഷണം.
ശനിയാഴ്ച രാത്രി പതിനൊന്നരയ്‌ക്കായിരുന്നു സംഭവം. പള്ളിയുടെ തെക്കുവശത്തുള്ള ആദ്യ വാതിലിന്റെ ഒരു ഭാഗമാണ് മോഷ്‌ടാവ് തീയിട്ട് കത്തിച്ചത്.
തുടർന്നു പള്ളിക്കുള്ളിൽ പ്രവേശിക്കുകയും മധ്യഭാഗത്തായുള്ള ഭണ്ഡാരകുറ്റിയുടെ താഴ് തകർത്ത് പണം അപഹരിക്കുകയും ചെയ്‌തു.
പാന്റും ഷർട്ടുമാണ് മോഷ്‌ടാവിന്റെ വേഷം. മോഷണം നടത്തിയതിനു ശേഷം പുലർച്ചെ മൂന്നോടെയാണ് മോഷ്ടാവ് ദേവാലയ പരിസരത്തുനിന്നു പോയത്.
ഞായറാഴ്ച പുലർച്ചെ നാലിനു ദേവാലയത്തിലെത്തിയ പ്രധാന ശുശ്രൂഷകനാണ് മോഷണ വിവവരം ആദ്യം അറിയുന്നത്. തുടർന്ന് പള്ളി ഭരണ സമിതിയെയും പൊലീസിനെയും വിവരം അറിയിക്കുകയും ചെയ്‌തു.
പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് പറഞ്ഞു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇടവക മെത്രാപൊലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറസും ദേവാലയത്തിലെത്തി.
#He #entered #burning #door #arrived #pants #shirt #broke #door #church #Kottayam #stole #money