പത്തനംതിട്ട : (truevisionnews.com) പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി.
അതേസമയം, അമ്മുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്.
കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ല.
പ്രശ്നങ്ങളെല്ലം തീർന്നിരുന്നുവെന്ന കോളേജ് അധികാരികളുടെ നിലപാടും അമ്മുവിൻറെ കുടുംബം തള്ളി.
ഹോസ്റ്റലിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് പരിക്കേറ്റ അമ്മു സജീവനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ സമയമെടുത്തതിനെയും കുടുംബം സംശയിക്കുന്നു.
ചികിത്സ വൈകിയതും ചികിത്സാ നിഷേധവും ഉണ്ടായെന്നാണ് ബന്ധുക്കൾ പറയുന്നത്. ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടത് അനുസരിച്ച് ആരോഗ്യസര്‍വ്വകലാശാല വൈസ് ചാൻസിലര്‍ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
#AmmuSajeev #death #Three #classmates #arrested #charged #abetment #suicide