പാലക്കാട് : ( www.truevisionnews.com) സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയുള്ള ഇടത് മുന്നണി പത്ര പരസ്യ വിവാദമായതോടെ വിശദീകരണവുമായി മന്ത്രി എംബി രാജേഷ്.
മതം നോക്കി പരസ്യം നൽകിയെന്ന ആരോപണം തെറ്റാണെന്നും 4 പത്രങ്ങളിൽ പരസ്യം നൽകിയെന്നും എല്ലാ പരസ്യത്തിനും അനുമതി തേടിയിരുന്നുവെന്നും എംബി രാജേഷ് വ്യക്തമാക്കി. ആരോപണമുളളവർക്ക് പരാതി നൽകാം. ഞങ്ങൾ വിശദീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നാല് പത്രങ്ങളിൽ പരസ്യം നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വന്നത് മാതൃഭൂമിയിലാണ്. രണ്ട് പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയതെന്ന് ഷാഫി പറമ്പിൽ പറയുന്നത് പച്ചക്കളളമാണ്. കുറഞ്ഞ നിരക്ക് ആയതുകൊണ്ടാണ് രണ്ട് ചെറിയ പത്രങ്ങൾക്ക് നൽകിയത്. ഷാഫി ഇപ്പോൾ വലിയ മതനിരപേക്ഷ വാദിയാണെന്ന് പറയുന്നു. എസ്ഡിപിഐക്കാരുടെ പിന്തുണ വേണ്ടെന്ന് വെക്കാൻ ഷാഫി ഇതുവരെ തയ്യാറായോ എന്ന് എംബി രാജേഷ് ചോദിച്ചു.
ചെറിയ സാങ്കേതിക പ്രശ്നം വെച്ച് വിവാദം എന്ന് പറയുന്നു. ഉള്ളടക്കത്തിൽ തെറ്റായി എന്തെങ്കിലും ഉണ്ടെങ്കിലല്ലേ വിവാദം എന്ന് പറയാനാകൂ, ബിജെപിക്ക് എങ്ങനെ നഗരസഭയിൽ ഭരണം ലഭിച്ചു? ഷാഫി എന്തിന് പാലക്കാട്ട് നിന്ന് വടകരയിൽ പോയി? പാലക്കാട് എസ്ഡിപിഐ- ഷാഫി - സന്ദീപ് വാര്യർ സഖ്യമാണ് പ്രവർത്തിക്കുന്നതെന്നും അതിനുള്ള തിരിച്ചടി ലഭിക്കുമെന്നറിഞ്ഞപ്പോഴാണ് ഇപ്പോൾ കള്ള പ്രചാരണമെന്നും എംബി രാജേഷ് ആരോപിച്ചു.
സന്ദീപ് വാര്യർ ഇതുവരെ ചൊരിഞ്ഞ വിദ്വേഷത്തിന് ഒരു പരിഹാരവും ആയിട്ടില്ല. ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഷാഫി ഇട്ടിട്ടില്ല. സന്ദീപ് ഇതുവരെ പറഞ്ഞതിനെയെല്ലാം ന്യായീകരിച്ചു വെളുപ്പിച്ചെടുക്കേണ്ട അവസ്ഥയാണ് ഷാഫിക്കുളളത്.
ഞങ്ങൾ തെറ്റായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ കേസ് കൊടുക്കൂവെന്നും ഷാഫിയെ എംബി രാജേഷ് വെല്ലുവിളിച്ചു. കൊടകരയിൽ സുരേന്ദ്രൻ നാല് കോടി ഷാഫിക്ക് കൊടുത്തിട്ടുണ്ട് എന്ന ആരോപണം എന്തുകൊണ്ട് വിവാദം ആക്കുന്നില്ലെന്നും എംബി രാജേഷ് ചോദിച്ചു.
സിപിഎം പരസ്യവിവാദം
പാലക്കാട്ടെ തെരഞ്ഞെടുപ്പിന് ഒരു നാൾ ബാക്കിയിരിക്കെ സന്ദീപ് വാര്യരുടെ മുസ്ലീം വിരുദ്ധ പോസ്റ്റുകളും പ്രസ്താവനകളും ഉൾപ്പെടുത്തിയുള്ള ഇടത് മുന്നണി പത്ര പരസ്യമാണ് വിവാദത്തിലായത്. ഇരു സുന്നി വിഭാഗങ്ങളുടെ മുഖപത്രങ്ങളിലാണ് പരസ്യം നൽകിയത്.
ബിജെപി വിട്ട സന്ദീപ് വാര്യറെ പാർട്ടിയിലെത്തിക്കാനുള്ള നീക്കം പാളുകയും സന്ദീപ് വാര്യർ കോൺഗ്രസിൽ ചേരുകയും ചെയ്തതോടെയാണ് സിപിഎം സന്ദീപ് വാര്യർക്കെതിരായ പ്രസ്താവന കടുപ്പിച്ചത്.
പാണക്കാട്ടെ സന്ദർശനത്തെ മുഖ്യമന്ത്രി അടക്കം വിമശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സമസ്ത എപി വിഭാഗം പത്രമായ സിറാജിലും ഇകെ വിഭാഗം പത്രമായ സുപ്രഭാതത്തിലും സന്ദീപ് വാര്യരുടെ മുൻ നിലപാടുകൾ ചേർത്തുള്ള പരസ്യം. 20 ശതമാനം മുസ്ലീം ന്യൂനപക്ഷ വോട്ടുകളുള്ള പാലക്കാട് മണ്ഡലത്തിൽ രണ്ട് സുന്നി പത്രങ്ങളിൽ മാത്രമാണ് സന്ദീപ് വാര്യർക്കെതിരായ ഇടത് പരസ്യം.
#Alleged #persons #can #file #complaint #what #ShafiParampil #says #Minister #MBRajesh