പാലക്കാട്: (truevisionnews.com) പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നിൽക്കെ പാലക്കാട് ആവേശം വാനോളം.
പരസ്യപ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ മുന്നണികളെല്ലാം തികഞ്ഞ ആവേശത്തിലാണ്. വൈകിട്ട് നാലോടെ ബിജെപിയുടെയും യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും റോഡ് ഷോ ആരംഭിച്ചു.
മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകരാൽ നിറഞ്ഞിരിക്കുകയാണ് പാലക്കാട് വീഥികള്‍. കൊട്ടിക്കലാശത്തിന് വലിയ ജനക്കൂട്ടമാണ് എത്തിയിരിക്കുന്നത്.
ഒരു മാസത്തിലധികം നീണ്ട വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തിങ്കളാഴ്ച സമാപിക്കുന്നത്. കൊട്ടിക്കലാശത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ മൂന്നണികൾ. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും പ്രചാരണരംഗത്തുണ്ട്.
ട്രോളി ബാഗുമായാണ് നേതാവും പ്രവർത്തകരും പ്രചാരണത്തിനെത്തിയത്. പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എ.എ. റഹീം, വസീഫ് എന്നിവർ പ്രചാരണത്തിനുണ്ട്.
വലിയ ആവേശത്തോടെയാണ് എൽ.ഡി.എഫ് പ്രവർത്തകരും കൊട്ടിക്കലാശത്തിനൊരുങ്ങുന്നത്. സ്റ്റെതസ്കോപ്പ് ധരിച്ച് കുട്ടികളുമുണ്ട് പ്രചാരണത്തിന്. സി. കൃഷ്ണകുമാറിന് വേണ്ടി ശോഭാ സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളിയും പാലക്കാട്ടെത്തിയിട്ടുണ്ട്.
പ്രചാരണം സമാപിക്കുന്നതിന്റെ തൊട്ടുതലേനാളായ ഞായറാഴ്ചയും ആലസ്യമില്ലാത്ത പ്രവർത്തനമായിരുന്നു മണ്ഡലത്തിൽ. എൽ.ഡി.എഫിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മൂന്ന് പൊതുയോഗങ്ങളിലൂടെ അണികൾക്കരികിലെത്തി.
അടുത്തയിടെനടന്ന രാഷ്ട്രീയ സംഭവവികാസങ്ങളിലുള്ള അഭിപ്രായം പ്രകടിപ്പിച്ചു.
എൽ.ഡി.എഫിനായി സി.പി.എം.കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, എ.കെ. ബാലൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, മന്ത്രി കെ. രാജൻ, പി. സന്തോഷ് കുമാർ എം.പി., പന്ന്യൻ രവീന്ദ്രൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവരും പ്രചാരണരംഗത്തുണ്ടായിരുന്നു.
യു.ഡി.എഫിനായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പാലക്കാട്ടെത്തി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.എം. ഹസൻ, എം.പി. മാരായ വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ബെന്നി ബഹനാൻ, അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, എഐ.സി.സി. സെക്രട്ടറിമാരായ ദീപാദാസ് മുൻഷി, പി.സി. വിഷ്ണുനാഥ്, മുസ്‌ലീംലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ഞായറാഴ്ച പ്രചാരണത്തിനുണ്ടായിരുന്നു.
എൻ.ഡി.എ.യിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഞായറാഴ്ചത്തെ പ്രചാരണങ്ങൾക്ക് നേതൃത്വംനൽകി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ്, എസ്. സുരേഷ്, എം.ടി. രമേശ്, വയനാട്ടിലെ സ്ഥാനാർഥിയായിരുന്ന നവ്യാഹരിദാസ് തുടങ്ങിയവർ പ്രചാരണത്തിന് നേതൃത്വം നൽകി.
ചേലക്കര നിയമസഭാ മണ്ഡലത്തിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും 13-ന് ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. മഹാരാഷ്ട്ര, ഝാർഖണ്ഡ് തിരഞ്ഞെടുപ്പിലുള്ള പ്രചാരണവും തിങ്കളാഴ്ച വൈകീട്ട് അവസാനിക്കും. വോട്ടെണ്ണൽ 23-ന്.
#Palakkad #last #hour #campaign #fronts #ready #disaster