പാലക്കാട്: (truevisionnews.com) വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും പിന്നാലെ പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൻറെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.
ഒരു മാസത്തോളം നീണ്ടുനിന്ന പ്രചാരണം വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് സമാപിക്കുക.
മൂന്ന് മുന്നണി സ്ഥാനാർത്ഥികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. എല്ലാ പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക.
അതിനിടെ ഇന്ന് കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇടതുമുന്നണി.
യുഡിഎഫ് സ്ഥാനാ൪ത്ഥി രാഹുൽ മാങ്കൂട്ടത്തിലിൻറെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും.
എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ റോഡ്ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനിൽ നിന്നുമാണ് തുടങ്ങുക.
പി.സരിൻ കോൺഗ്രസ് വിട്ട് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായത് മുതൽ സന്ദീപ് വാര്യറുടെ കോൺഗ്രസ് പ്രവേശം വരെ ഒട്ടേറെ ട്വിസ്റ്റുകൾക്കാണ് ഈ കാലയളവിൽ പാലക്കാട് സാക്ഷിയായത്.
അതേസമയം പാലക്കാട്ടെ ഇരട്ട വോട്ടിൽ നടപടി ആവശ്യപ്പെട്ടാണ് ഇടത് മുന്നണി ഇന്ന് കളക്ട്രേറ്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 10 മണിക്കാണ് മാർച്ച്. 2700 ഓളം ഇരട്ട വോട്ടുകൾ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം.
ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസൻ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാർക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു.
എന്നാൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി സരിൻ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേർത്തതെന്ന് കോൺഗ്രസ് ആരോപിക്കുന്നു.
2017 ൽ പാലക്കാട് മണ്ഡലത്തിൽ വാങ്ങിയ സ്വന്തം വീടെന്ന് കാട്ടിയാണ് സരിൻ്റെ പ്രതിരോധം.
#Palakkad #byelection #campaign #end #today #LDF #Collectorate #March #today