തിരുവനന്തപുരം: (truevisionnews.com) ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം.
മൂന്ന് പെൺകുട്ടികൾക്കെതിരേയാണ് വിദ്യാർഥിനിയുടെ അച്ഛൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
പത്തനംതിട്ട ചുട്ടിപ്പാറ ഗവൺമെന്റ് നഴ്സിങ് കോളേജ് നാലാം വർഷ വിദ്യാർഥിനിയായ അമ്മു സജീവ് (22) വെള്ളിയാഴ്ച വെെകീട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽനിന്ന് വീണുമരിച്ചത്. തിരുവനന്തപുരം അയിരൂപാറ സ്വദേശിയാണ്.
കുടുംബത്തിൻ്റെ പരാതിക്ക് പിന്നാലെ മൂന്ന് പെൺകുട്ടികളിൽ നിന്ന് പ്രിൻസിപ്പൽ വിശദീകരണം തേടി. ചുട്ടിപ്പാറ കോളേജിലെ മുഴുവൻ വിദ്യാർഥികളും തിങ്കളാഴ്ച ഹാജരാകണമെന്ന് പ്രിൻസിപ്പൽ കർശനനിർദേശം നൽകിയിട്ടുണ്ട്.
അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തും.
കുടുംബം പരാതി നൽകിയ മൂന്ന് പെൺകുട്ടികളും അമ്മുവും അടുത്ത സുഹൃത്തുക്കളായിരുന്നു. പെൺകുട്ടികളിൽ ഒരാളുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടങ്ങിയത്.
പരസ്പരം വീടുകൾ സന്ദർശിച്ചിട്ടുള്ള പെൺകുട്ടികളെ രക്ഷിതാക്കൾക്കും അടുത്തറിയാം. അമ്മുവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ പത്തനംതിട്ടയിൽ നിന്നുള്ള സഹപാഠികളെ അനുവദിച്ചില്ല.
കോളേജിലെ അധ്യാപകരും അനധ്യാപകരും അന്തിമോപചാരം അർപ്പിച്ചു. അമ്മുവിൻ്റെ മരണത്തിൽ തിങ്കളാഴ്ച ചുട്ടിപ്പാറ കോളേജിൽ അനുശോചനയോഗം ചേരും.
#Nursingstudent #death #family #filed #complaint #against #classmates