എടപ്പാൾ: (truevisionnews.com) പെരുമ്പറമ്പ് പൊല്പാക്കര, പാറപ്പുറം, കാലടി, കാവിൽപടി മേഖലകളിൽ രാത്രി വീടുകളുടെ ജനൽ തുറന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരുകയും കുളിമുറികളിലും മറ്റും ഒളിഞ്ഞ് നോക്കുകയും ചെയ്ത് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് പിടിയിൽ.
നിരവധി മോഷണ, പിടിച്ചുപറി കേസുകളിലെ പ്രതി മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്പുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്.
പുലർച്ചെ നടന്ന കളവ് കേസുകളിലെ പ്രതിയെ കുറിച്ച് പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പിറകിലെ ലൈറ്റ് ഓഫ് ചെയ്ത നീല സ്കൂട്ടറിൽ എത്തുന്ന കറുത്ത് തടിച്ച ആളാണ് മോഷ്ടാവെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു.
കാവിൽപടിയിലെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങൾ ജനാല വഴി മോഷ്ടിച്ച് എടപ്പാൾ പഴയ ബ്ലോക്കിനടുത്ത വീട്ടിൽ രണ്ടാം മോഷണത്തിന് ശ്രമിക്കുമ്പോൾ വീട്ടുകാർ ഉണർന്നതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ സ്കൂട്ടറിന്റെ താക്കോൽ നഷ്ടപ്പെട്ടതിനാൽ വാഹനം സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച് പരിസരത്തെ പ്രകാശന്റെ വീട്ടിൽ നിന്ന് ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ച് സ്ഥലം വിട്ടു.
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂട്ടറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
മോഷണശേഷം പ്രതി റിബിൻ രാജ് ബംഗളൂരുവിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലൂം ഒളിവിൽ കഴിഞ്ഞശേഷം തൃശൂർ ചാലക്കുടിയിൽ താമസം തുടങ്ങി.
വിവരമറിഞ്ഞ് പൊലീസ് ചാലക്കുടിയിൽ എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. പിന്നീട് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ ഒളിവിൽകഴിഞ്ഞ പ്രതി എടപ്പാളിൽ എത്തി എടപ്പാൾ ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞു.
മോഷ്ടിച്ച ബൈക്കുകൾ പിന്നീട് എടപ്പാൾ പരിസരങ്ങളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി പൊന്നാനി കോടതിയിൽ കീഴടങ്ങുകയായിരുന്നു.
പൊൽപ്പാക്കര റിജോയിയുടെ കുഞ്ഞിന്റെ മൂന്നു പവൻ, പാറപ്പുറം കാലടി വില്ലേജ് ഓഫിസിനടുത്ത യമുനയുടെ ഒന്നര പവൻ, കാവിൽപടി അനിൽകുമാറിന്റെ കുഞ്ഞിന്റെ മൂന്നര പവൻ, കാലടി വില്ലേജ് ഓഫിസിനടുത്ത വീട്ടിലെ കുഞ്ഞിന്റെ ഒന്നര പവൻ എന്നിങ്ങനെ ആഭരണങ്ങൾ കവർന്നതായി പ്രതിയെ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
എടപ്പാൾ പഴയ േബ്ലാക്കിലെ വീട്ടിലും എടപ്പാൾ ഹോസ്പിറ്റലിലും നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കുകൾ മോഷ്ടിച്ചതും പ്രതി സമ്മതിച്ചു.
നിരവധി വീടുകളിൽ ജനലിലൂടെയും കുളിമുറിയിലും ഒളിഞ്ഞ് നോക്കി മാനഹാനി വരുത്തിയ കുറ്റങ്ങളും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
#Peeking #Bathroom #gold #sleeping #women #children #Dominions #fallen #thief #terrorized #Area #arrested