കൊല്ലം : (truevisionnews.com) ആഡംബരകാറില്‍ കറങ്ങിനടന്ന് റബര്‍ ഷീറ്റ് മോഷ്ടിച്ച പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ മൂന്നുപേരെ കൊല്ലം ചടയമംഗലത്ത് പൊലീസ് പിടികൂടി.
പതിനെട്ടും പത്തൊന്‍പതും വയസ് മാത്രമാണ് രണ്ടു പ്രതികളുടെ പ്രായം. ആക്കൽ സ്വദേശി 19 വയസ്സുള്ള സാജിദ്, മഞ്ഞപ്പാറ സ്വദേശി 18 വയസ്സുള്ള അർഷിത് എന്നിവരാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. മൂന്നാമതൊരാളും പിടിയിലായെങ്കിലും പ്രായപൂര്‍ത്തിയാതല്ല.
ചിതറ സ്വദേശിയുടെ ആഢംബര കാറിലായിരുന്നു കുട്ടിമോഷ്ടാക്കളുടെ മോഷണം. കഴിഞ്ഞ ഇരുപതിനാണ് കേസിനാസ്പദമായത് നടന്നത്.
കാറില്‍ ആക്കല്‍ എന്ന സ്ഥലത്ത് എത്തിയ സാജിദും അര്‍ഷിതും വീട്ടുമുറ്റത്ത്് ഉണങ്ങാന്‍ ഇട്ടിരുന്ന നൂറോളം റബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചു.
ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരും അടുത്ത് താമസിക്കുന്നവരും അപ്പോൾ തന്നെ കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരം അറിയിച്ചു.
പ്രതികള്‍ അപ്പോഴേക്കും റബ്ബർ ഷീറ്റ് മോഷ്ടിച്ച ശേഷം പനവേലി ഭാഗത്തേക്ക് പോയിരുന്നു. പനവേലിയിലെ ഒരു കടയിലാണ് റബര്‍ ഷീറ്റ് വില്‍പ്പന നടത്തിയത്. റബര്‍ ഷീറ്റ് വിൽപ്പന നടത്തിയ പ്രതികള്‍ തൊട്ടടുത്ത സർവീസ് സെന്ററിൽ കാര്‍ കഴുകാനായി കൊടുത്തു.
വണ്ടിയുടെ ഉടമസ്ഥൻ നേരിട്ടെത്തി കാര്‍ എടുക്കുമെന്ന് പറഞ്ഞ് മോഷ്ടാക്കള്‍ അവിടെ നിന്ന് മുങ്ങി. ചടയമംഗലം സിഐ സുനീഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കാർ കണ്ടെത്തിയതും പ്രതികളെ തിരിച്ചറിഞ്ഞതും.
ആഡംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനാണ് പതിനെട്ടും പത്തൊന്‍പതും വയസുളള പ്രതികള്‍ മോഷണം നടത്തിയത്. പ്രതികളെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
#Theft #rubbersheet #roaming #car #Three #people #including #minor #arrested