വടക്കഞ്ചേരി (പാലക്കാട്): (truevisionnews.com) ട്വന്റി ഫോർ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ കസ്റ്റഡിയിൽ.
തൃശൂർ തലോർ സ്വദേശി ഇമ്മാനുവലിനെ (26) പൊലീസ് കസ്റ്റഡിയിലെടുത്തത്.
പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥികളായ അഞ്ചുമൂർത്തിമംഗലം ചോഴിയംകാട് അഷ്റഫലിയുടെ മകൻ മുഹമ്മദ് റോഷൻ (15), വടക്കഞ്ചേരി നായർകുന്ന് കൈതപ്പാടം വലിയ വീട്ടിൽ വി.എം. ഇക്ബാലിന്റെ മകൻ മുഹമ്മദ് ഇസാം (15) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത നീലിപ്പാറയിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെയായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം.
വാണിയമ്പാറ മേലേചുങ്കം പള്ളിയിൽ നമസ്കാരശേഷം സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥികളെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ വിദ്യാർഥികളിൽ ഒരാൾ 20 മീറ്ററോളം ദൂരേക്ക് തെറിച്ചുപോയി. മറ്റൊരാൾ തെറിച്ച് കാറിന്റെ ചില്ലിൽ ഇടിച്ച ശേഷം റോഡരികിലേക്ക് പതിച്ചു.
ഗുരുതര പരിക്കേറ്റ ഇരുവരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മുഹമ്മദ് ഇസാമിന്റെ മാതാവ്: നസീമ. സഹോദരി: ഇഷ. മുഹമ്മദ് റോഷന്റെ മാതാവ്: റംലത്ത്. സഹോദരങ്ങൾ: റഹീമ തസ്നി, രഹ്ന നസ്റിൻ. ഖബറടക്കം പോസ്റ്റ്മോർട്ടശേഷം നടക്കും.
#incident #students #died #hit #by #car #carrying #news #team #Cardriver #custody