കോഴിക്കോട് : ( www.truevisionnews.com ) വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണകാരണം വിശദമായി പരിശോധിച്ച് പോലീസ്.
എ.സി.യിട്ട് ഉറങ്ങിയപ്പോള്‍ ഉള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് നിറഞ്ഞ് അത് ശ്വസിച്ചതാകാം മരണത്തിനിടയാക്കിയതെന്ന സംശയമുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
മൃതദേഹം കാണുമ്പോള്‍ എ.സി. ഓണായനിലയിലായിരുന്നു. പാര്‍ക്കിങ് ലൈറ്റും കത്തുന്നുണ്ട്. എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്.
ഫൊറന്‍സിക് വിദഗ്ധര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവരെല്ലാം ചൊവ്വാഴ്ച വിശദമായ പരിശോധന നടത്തും. രാത്രിയിലുള്ള പരിശോധന ഫലപ്രദമാകില്ലെന്നതിനാലാണ് എല്ലാ പരിശോധനയും പകല്‍സമയത്തേക്ക് മാറ്റിയത്.
റൂറല്‍ എസ്.പി. പി. നിധിന്‍രാജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ രാത്രിതന്നെ സ്ഥലത്തെത്തി. ദേശീയപാതയില്‍ കരിമ്പനപ്പാലത്തെ കെ.ടി.ഡി.സി. റസ്റ്ററന്റിലേക്ക് പോകുന്ന വഴിയുടെ തുടക്കത്തില്‍ത്തന്നെയാണ് വണ്ടി നിര്‍ത്തിയത്.
തിരക്കേറിയ റോഡിനുസമീപമായതിനാല്‍ ആരും വണ്ടി അത്ര ശ്രദ്ധിച്ചിരുന്നില്ല. സംഭവമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ആളുകളെ നിയന്ത്രിക്കാന്‍ പോലീസ് വണ്ടിക്കുചുറ്റും വടംകെട്ടി.
ദേശീയപാതയോരത്തായതിനാല്‍ സംഭവമറിഞ്ഞശേഷം കരിമ്പനപ്പാലം ഭാഗത്ത് ഇടയ്ക്കിടെ ഗതാഗതതടസ്സമുണ്ടായി. ഇരുട്ടായതിനാല്‍ പിന്നീട് പോലീസ് ഇവിടെ ലൈറ്റ് ഏര്‍പ്പാടാക്കിയിട്ടുണ്ട്.
മരിച്ചവരുടെ ബന്ധുക്കളും വണ്ടിയുടെ ഉടമസ്ഥരും ഉള്‍പ്പെടെ വടകരയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
#Vadakara #did #not #change #shock #Two #dead #bodies #caravan #police #searching #cause