അടിമാലി: (truevisionnews.com) കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ ആറാംൈമലിന് സമീപം കെ.എസ്.ആർ.ടി.സി. ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം . എട്ട് യാത്രക്കാർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കോതമംഗലത്തെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. മൂന്നാറിൽനിന്നും അടൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
ബസ് കണ്ടക്ടർ ശൂരനാട് സൗത്ത് രഞ്ജുഭവൻ മധുസൂദനൻ പിള്ള (46), ഡ്രൈവർ തൊടുപുഴ, പെരുമ്പിള്ളിച്ചിറ ചൂരവേലി സി.എ. ലത്തീഫ് (43), ഈരാറ്റുപേട്ട കണ്ടത്തിൽ മനു ജോസഫ് (43,) കോട്ടയം പറങ്ങായിൽ അരവിന്ദ് അജി (29), കൊട്ടാരക്കര ലളിതാഭവൻ ജിമ്മി ശശീന്ദ്രൻ (46), കോട്ടയം അപ്പോളിൽ കെസിയ ടി. മീന (25), ഏറ്റുമാനൂർ കുഴിക്കാട്ടിൽ ഷാലി ബാബു (54), തൊടുപുഴ മടക്കത്താനം പുതിയേടത്ത് ജോബിയ ജോയ് (33) എന്നിവർക്കാണ് പരിക്കേറ്റത്. 15 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്.
ദേശീയപാതയിൽ ചീയപ്പാറക്കും ആറാംമൈലിനും ഇടയിലായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നു. മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണംവിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
വലിയൊരുമരത്തിൽ തങ്ങിനിന്നതിനാൽ വലിയദുരന്തം ഒഴിവായി. പ്രദേശവാസികളും അതുവഴിവന്ന യാത്രക്കാരും ചേർന്ന് വലിയ വടംകെട്ടിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
ആംബുലൻസുകളിൽ ഇവരെ കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാർക്ക് ചെറിയ പരിക്കുണ്ട്. ഇവർ അടിമാലിയിലെയും ഇരുമ്പുപാലത്തേയും സ്വകാര്യആശുപത്രികളിൽ ചികിത്സതേടി.
ആരുടെയും പരിക്ക് ഗുരുതരമല്ല. അടിമാലിയിൽനിന്നും അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വംനൽകി. വാളറയിലെ ഹൈവേ രക്ഷാസമിതി പ്രവർത്തകരാണ് അപകടസ്ഥലത്ത് ആദ്യം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്.
#KSRTC #Bus #overturns #Koka #accident #eight #injured