അടിമാലി: (truevisionnews.com)വിയറ്റ്നാമിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ മൂന്നുപേരെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം ആനാട് പള്ളിനടയിൽ റജി മൻസിൽ സജീദ് മുഹമ്മദ് ഇസ്മാഈൽ (36), കൊല്ലം കൊട്ടിയം കമ്പിവിള ഭാഗത്ത് തെങ്ങ് വിള വീട്ടിൽ മുഹമ്മദ് ഷാ നൗഷാദ് (23), കൊല്ലം ഉമയനല്ലൂർ പേരായം ഭാഗത്ത് ചുണ്ടൻചിറ വീട്ടിൽ അൻഷാദ് അബൂബക്കർ (37) എന്നിവരെയാണ് അടിമാലി സി.ഐ പ്രിൻസ് ജോസഫിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അടിമാലി കല്ലുവെട്ടികുഴിയിൽ ഷാജഹാൻ കാസിമിന്‍റെ പരാതിയിലാണ് അറസ്റ്റ്. വിയ്റ്റ്നാമിൽ മാസം 80,000 രൂപ ശമ്പളത്തിൽ ഡി.ടി.പി ഓപ്പറേറ്ററായി ജോലി വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.
വിസിറ്റിങ് വിസയിൽ വിയറ്റ്നാമിൽ എത്തിച്ച ഷാജഹാനെ അവിടെ നിന്ന് കമ്പോഡിയയിലേക്ക് കൊണ്ടുപോയി. ഓൺലൈൻ സ്കാൻ ജോലിയിൽ പ്രവേശിച്ച ഷാജഹാൻ, സംശയം തോന്നിയതിനെ തുടർന്ന് എംബസിയുടെ സഹായം തേടുകയും നാട്ടിലേക്ക് സുരക്ഷിതമായി തിരിച്ചെത്തുകയുമായിരുന്നു.
പ്രതികൾ നിരവധി പേരെ ഇത്തരത്തിൽ വിദേശത്തേക്ക് കയറ്റി വിട്ടതായി സംശയിക്കുന്നു.
പ്രതികൾക്കെതിരെ ബാലരാമപുരം, അഞ്ചാലം മൂട് എന്നിവിടങ്ങളിലും കേസുകളുണ്ട്. എ.എസ്.ഐ ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷാദ്, സി.പി.ഒ അജീസ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
#Human #trafficking #promise #employment #Vietnam #Three #people #were #arrested