( www.truevisionnews.com ) തമിഴ്നാട് തിരുപ്പൂരിൽ അനധികൃത പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം. സംഭവം പൊന്നമ്മാൾ നഗറിൽ. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉൾപ്പടെ മൂന്ന് പേർ മരിച്ചു.
സമീപത്തെ രണ്ട് വീടുകൾ പൂർണമായി നശിച്ചു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപാടുകളുണ്ടായി.
മരിച്ചവരിൽ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരിപ്പൂർ സ്വദേശി കുമാർ (45), ഒൻപത് മാസം പ്രായമായ ആലിയ ഷെഹ്റിൻ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. കുട്ടി വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്.
പൊന്നമ്മാൾ നഗറിലെ കാർത്തിക്കിൻ്റെ ഇരുനില വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ഭാര്യ സത്യപ്രിയയ്‌ക്കൊപ്പമാണ് കാർത്തിക് താമസിച്ചിരുന്നത്. താഴത്തെ നിലയിലെ ഒരു ചെറിയ ഭാഗം അയാൾ ഒരു സ്ത്രീക്ക് വാടകയ്ക്ക് കൊടുത്തിരുന്നു.
ഇയാളുടെ ഭാര്യാസഹോദരൻ ശരവണകുമാറിന് ക്ഷേത്രോത്സവങ്ങളിൽ വിതരണം ചെയ്യുന്നതിനായി വലിയ പടക്കങ്ങൾ നിർമ്മിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നു. എന്നാൽ 2023 ഡിസംബറിൽ ഈ ലൈസൻസിന്റെ കലാവധി കഴിഞ്ഞിരുന്നു.
ക്ഷേത്രങ്ങൾക്കായി വീട്ടിൽ ശരവണകുമാർ അനധികൃതമായി പടക്കങ്ങൾ ഉണ്ടാക്കുകയായിരുന്നുവെന്ന് തിരുപ്പൂർ സിറ്റി പോലീസ് കമ്മീഷണർ എസ് ലക്ഷ്മി പറഞ്ഞു.
ശരവണകുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംഭവത്തിൽ കേസെടുത്തതായും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. തകർന്ന വീടുകൾക്ക് സർക്കാർ സഹായം നൽകുമെന്ന് കലക്ടർ അറിയിച്ചു.
#three #including #girl #child #die #blast #tirupur.