ലുധിയാന: (truevisionnews.com) ജോലിയിൽ നിന്ന് പിരിച്ച് വിട്ട വീട്ടുകാരെ സഹായികളുമായി തിരികെ എത്തി ക്രൂരമായി ആക്രമിച്ച് വീട്ടുജോലിക്കാരി.
പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ലുധിയാനയിലെ ശാന്തവിഹാറിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മുപ്പതിലേറെ ആളുകളുമായാണ് പിരിച്ചുവിട്ട ജോലിക്കാരി ജോലി ചെയ്തിരുന്ന വീട്ടിലേക്ക് എത്തിയത്.
വീട്ടിലുണ്ടായിരുന്നവരെ ക്രൂരമായി ആക്രമിച്ച ശേഷം സ്വർണവും പണവും അടക്കമുള്ളവ കൊള്ളയടിച്ച ശേഷമാണ് വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയത്.
ശാന്തവിഹാർ സ്വദേശിയായ 44കാരൻ അമിത് കട്ടാരിയയുടെ പരാതിയിലാണ് മുൻ വീട്ടുജോലിക്കാരി ശാന്തിക്കും തിരിച്ചറിയാവുന്ന 17പേരടക്കം 30പേർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
കഴിഞ്ഞ ഏതാനും വർഷമായി അമിത് കട്ടാരിയയുടെ വീട്ടിലായിരുന്നു ശാന്തി ജോലി ചെയ്തിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് പരാതിക്കാരന്റെ മകളുമായി വീട്ടുജോലിക്കാരി വാക്കു തർക്കത്തിലായി.
ഇതിനിടെ പരാതിക്കാരന്റെ മകളുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തിയ ശാന്തിയോട് തുടർന്ന് ജോലിക്ക് വരണ്ടന്ന് വീട്ടുകാർ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ശാന്തിയും മകനും സഹായികളും അമിത് കട്ടാരിയയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീട്ടുകാരനേയും ഭാര്യയേയും രണ്ട് പെൺമക്കളേയും ആക്രമിച്ച സംഘം വീടും വീട്ടുകാരേയും കൊള്ളയടിച്ച ശേഷമാണ് മടങ്ങിപ്പോയത്.
വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും ഇവർ തട്ടിയെടുത്തു. ശാന്തിയുടെ മക്കൾ, മരുമക്കൾ, സഹായികൾ അടക്കമുള്ളവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
#maid #came #back #with #her #helpers #brutally #assaulted #family.