Oct 5, 2024 01:42 PM

തിരുവനന്തപുരം: (truevisionnews.com) കണ്ണൂരിലെ മുതിർന്ന നേതാവിന്‍റെ പിന്തുണയുണ്ടെന്ന പി.വി അൻവർ എം.എൽ.എയുടെ അവകാശവാദത്തിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ.

നാരദന്മാരുടെ പണിയെടുക്കുന്നവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന് ബാലൻ മുന്നറിയിപ്പ് നൽകി. പിന്തുണക്കുന്ന സി.പി.എം നേതാവിന്‍റെ പേര് അൻവർ വെളിപ്പെടുത്തണമെന്ന് എ.കെ. ബാലൻ ആവശ്യപ്പെട്ടു.

സി.പി.എമ്മിലെ ഒരു പാർട്ടി മെമ്പറെ പോലും അൻവറിന് കിട്ടില്ല. എന്നിട്ടല്ലേ നേതാക്കന്മാർ. പി. ജയരാജൻ എന്നല്ല ഇ.പി. അങ്ങനെയുള്ള പേര് വരുന്നത് തന്നെ ഒഴിവാക്കേണ്ടതാണ്.

അങ്ങനെ ഒരു നാരദന്റെ പണിയെടുക്കുന്ന ഒരാളും പാർട്ടിയിൽ ഉണ്ടാകില്ല. കണ്ണൂരിലെ പാർട്ടിയുടെ അകത്തും ഉണ്ടാകില്ല. പാല് കൊടുത്ത കൈക്ക് വിഷപ്പാമ്പ് പോലും കടിക്കില്ല.

പച്ചവെള്ളം പോലും കൊടുക്കാത്ത ആൾക്കാരുടെ സംരക്ഷണത്തിലാണ് അൻവർ ഇപ്പോൾ നടക്കുന്നതെന്ന് എ.കെ ബാലൻ പറഞ്ഞു.

താൻ ഉന്നയിക്കുന്ന വിഷയങ്ങളിൽ കണ്ണൂരിലെ ഒരു മുതിർന്ന സി.പി.എം നേതാവ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് അൻവർ മാധ്യമങ്ങളോട് പറഞ്ഞത്. അത് പി. ജയരാജനാണോ, ഇ.പി ജയരാജനാണോ എന്നുള്ള ചോദ്യത്തിന്, അവരല്ലെന്നും കണ്ണൂരിൽ ജയരാജന്മാരല്ലാത്ത നേതാക്കളും ഉണ്ടല്ലോ എന്നുമായിരുന്നു അൻവറിന്‍റെ മറുപടി.

താൻ കുത്തുന്നത് കൊമ്പനോടാണെന്നും തന്നെ വളഞ്ഞിട്ട് കുത്താൻ ശ്രമിക്കുന്നത് കുങ്കിയാനകളാണെന്നും ഇന്നലെ പി.വി. അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേസുകൾ ഇനിയും വരും.

ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം. കുറ്റവാളിയാക്കി ജയിലിലടക്കാനാണ് നീക്കം. എൽ.എൽ.ബി പഠിക്കാൻ പറ്റുമോ എന്നതാണ് ചിന്തിക്കുന്നത്. ഫോൺ ചോർത്തുന്നതിൽ കേസില്ല. ഫോൺ ചോർത്തുന്നുണ്ടെന്ന് പറഞ്ഞതിലാണ് കേസ്, ഇതെന്ത് നീതിയാണെന്നും പി.വി. അൻവർ ചോദിച്ചു.

പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽനിന്ന് പിന്നോട്ടില്ല. പി. ശശിയുടെ വക്കീൽ നോട്ടീസിനെ നേരിടും.

തനിക്കെതിരെ കൊലവിളി മുദ്രാവാക്യം എഴുതിക്കൊടുത്ത് വിളിപ്പിക്കുന്നവരെ അതേ പോലെ നേരിടും. എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്യുകയാണ് വേണ്ടതെന്നും അൻവർ ആവശ്യപ്പെട്ടു.

#thus #there #no #Naradans #party #AKBalan #replied #Anwar #warned #CPM #leaders

Next TV

Top Stories