പത്തിരിപ്പാല : (truevisionnews.com)ബേക്കറിയിൽ നിന്ന് വിറ്റ മിഠായിയിൽ പുഴുക്കളെ കണ്ടെത്തി. പത്തിരിപ്പാല ടൗണിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ മിഠായികളിലാണ് വ്യാപകമായി പുഴുക്കൾ കണ്ടെത്തിയത്.
പഞ്ചായത്ത് ജീവനക്കാരും ആരോഗ്യ വകുപ്പും ചേർന്ന് ബേക്കറി അടച്ചുപൂട്ടാൻ നിർദേശം നൽകി. കഴിഞ്ഞ ഒന്നിന് അകലൂർ സ്വദേശി സനൂപ് മക്കളുടെ പിറന്നാളാഘോഷ ഭാഗമായാണ് ബേക്കറിയിൽനിന്ന് മിഠായിയും കേക്കും വാങ്ങിയത്.
വീട്ടിലെത്തി മിഠായി കഴിച്ചതോടെയാണ് കുട്ടികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി.
രക്ഷിതാക്കൾ മിഠായിയുടെ ബാക്കി പരിശോധിച്ചപ്പോഴാണ് മിഠായിക്കകത്ത് പുഴുക്കളെ കണ്ടത്. പഞ്ചായത്ത് പ്രസിഡൻറ് എസ്. അനിതക്കും ആരോഗ്യവകുപ്പിനും പരാതി നൽകിയതോടെ വ്യാഴാഴ്ച വൈകീട്ട് ബേക്കറിയിൽ പരിശോധന നടത്തി.
പരിശോധനയിൽ പുഴുക്കളുള്ള പഴകിയ മിഠായികൾ പിടിച്ചെടുത്തു. ബേക്കറി പൂട്ടാനും നിർദേശം നൽകി. പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ജെ.എച്ച്.ഐ ശർമ, പഞ്ചായത്ത് അസി. സെക്രട്ടറി വി.യു അബ്ദു സമീം, ഹെഡ് ക്ലർക്ക് കെ.ടി സന്ധ്യ, ക്ലർക്ക് എ. റിയാസുദ്ദീൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
#Worms #candy #Stomach #ache #vomiting #children #orders #close #bakery