Oct 2, 2024 10:43 AM

മലപ്പുറം: (truevisionnews.com) ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം ​ഗൂഢാലോചനയെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. മുസ്‌ലിം ഭൂരിപക്ഷമുള്ള ജില്ല ദേശദ്രോഹികളുടെ നാടാണ് എന്ന് വരുത്തി തീർക്കാനാണ് ശ്രമിച്ചത്.

അതിന് വേണ്ടിയാണ് മുഖ്യമന്ത്രി ഡൽഹിയിൽ അഭിമുഖം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ​ഗൂഢാലോചന നടത്താൻ ശേഷിയുള്ളവരുണ്ട്. ബിജെപി, ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയാണ് മുഖ്യമന്ത്രി ഇന്റർവ്യൂ നൽകിയത്.

മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം ഒഴിയണം എന്ന് പറയുന്നത് കടുപ്പിക്കുന്നതല്ല, അതാണ് മുഖ്യമന്ത്രിക്ക് നല്ലത്. ഇക്കാര്യം പാർട്ടി ആലോചിക്കട്ടെ. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ മാറി നിൽക്കുമായിരുന്നു.

തന്റെ കൂടെ നിൽക്കുന്നവർ എല്ലാം വർഗീയവാദികൾ ആണോ? ഒക്ടോബർ ആറിന് മഞ്ചേരിയിൽ ജില്ലാതല വിശദീകരണം സംഘടിപ്പിക്കും. ഒരു ലക്ഷം ആളെ പങ്കെടുക്കിപ്പിക്കും. അവരും സാമൂഹ്യ വിരുദ്ധർ ആണോ എന്ന് മുഖ്യമന്ത്രി പറയണം.

കുളിപ്പിച്ചു കുളിപ്പിച്ച് കുട്ടി ഇല്ലാതാകാതിരുന്നാൽ മതി. മുഖ്യമന്ത്രി സ്ഥാനം റിയാസിനെ ഏൽപ്പിക്കലാണ് ഇതിനേക്കാൾ നല്ലത്. ആളുകളുടെ അഭിപ്രായം മാനിച്ചാണ് വിവിധ പരിപാടികൾ ഒന്നാക്കിയത്.

ഗൂഢലക്ഷ്യം ഇല്ലാത്തവർ എന്താണ് എഡിജിപിയെ സസ്‌പെൻഡ് ചെയ്യാത്തത്? പ്രതിപക്ഷത്തിന് ശബ്ദം ഉയർത്തി പറയാൻ കഴിയാത്തത് നക്സസിന്റെ ഭാഗമായതിനാലാണെന്നും അൻവർ പറഞ്ഞു.

പി ആർ ഏജൻസി ഇല്ലാ എന്നായിരുന്നു ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. മിനിഞ്ഞാന്ന് ആണ് ലേഖനം വന്നത്. രാവിലെ തന്നെ പത്രം എല്ലാവർക്കും ലഭിച്ചിരുന്നു. എന്നാൽ ഹിന്ദുവിലെ അഭിമുഖത്തിലെ പ്രതികരണം വന്നത് ഒരു ദിവസം കഴിഞ്ഞിട്ടാണ്.

തെറ്റ് പറ്റിയതെങ്കിൽ തിരുത്താൻ വൈകിയത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് അന്ന് തന്നെ പ്രതികരിച്ചില്ല? മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വാർത്താ കുറിപ്പ് പോലും അതുവരെ വന്നില്ല.

പ്രതികരണം വരുന്നത് 32 മണിക്കൂറിന് ശേഷമാണ്. ഹിന്ദു പത്രവുമായി അഡ്ജസ്റ്റ്മെന്റ് ചെയ്ത ശേഷം നടത്തിയ നാടകമാണ് ഇന്നലത്തേത്. കരിപ്പൂർ എന്ന വാക്കും കോഴിക്കോട് എയർപോർട്ട് എന്ന വാക്കും ഇന്നലെ ആദ്യമായി മുഖ്യമന്ത്രിയിൽ നിന്ന് കേട്ടു.

ഇന്നലെ രാത്രി എങ്കിലും മാറ്റി പറഞ്ഞതിൽ നന്ദി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെടാൻ കാരണം പോലീസും വിഷയമായി.

നികുതി വർധനയും പെൻഷൻ നൽകാത്തതും, വന്യജീവി പ്രശ്നങ്ങൾ, രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും തോൽവിക്ക് കാരണമായി. എന്നാൽ അതൊന്നും നോക്കാതെയാണ് പാർട്ടി മുസ്ലീം പ്രീണനം ആണെന്ന കാരണം കണ്ടെത്തുന്നതെന്നും അൻവർ ആരോപിച്ചു.

#ChiefMinister #Controversial #Interview #Conspiracy #Adjustment #made #Hindu #newspaper #PVAnwar #said #saw #play #yesterday

Next TV

Top Stories