കണ്ണൂർ: (truevisionnews.com) സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങിയിട്ട് രണ്ടാണ്ട്.
സഖാവ് ഇല്ലാത്ത പോരായ്മ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് ഒട്ടേറെപ്പേർ ഇപ്പോഴും വിളിക്കുന്നുവെന്ന് പറയുന്നു ഭാര്യ വിനോദിനി ബാലകൃഷ്ണൻ.
രാഷ്ട്രീയ പ്രതിസന്ധികൾ സിപിഐഎമ്മിനെ അടിമുടി ഉലയ്ക്കുമ്പോൾ കോടിയേരിയുടെ രാഷ്ട്രീയ പ്രസക്തി ഓർമ്മകളിൽ നിറയുന്നു. കോടിയേരിയുടെ അസാന്നിധ്യം സൃഷ്ടിച്ച ശൂന്യത ഇനിയും മറികടക്കാൻ കുടുംബത്തിന് മാത്രമല്ല സിപിഐഎമ്മിനും ആയിട്ടില്ല.
കർക്കശ്യങ്ങളുടെ ഭാരമില്ലാതെ ജനഹൃദയങ്ങളിലേക്ക് ഇറങ്ങിയ നയതന്ത്രജ്ഞതയുടെയും, സമവായത്തിന്റെയും കമ്മ്യൂണിസ്റ്റ് മുഖമായിരുന്നു കോടിയേരി.
പാർട്ടിക്കും സർക്കാരിനും ഇടയിലെ പാലം, അവലാതികൾക്കിടയിലെ മധ്യസ്ഥൻ. വെല്ലുവിളികളെ സൗമ്യമായി നേരിട്ട, ചിരി കൊടിയടയാളമാക്കിയ കോടിയേരിക്കാലം.
കോടിയേരി ഉണ്ടായിരുന്നെങ്കിലെന്ന് അണികളും, അനുഭാവികളും, സഹയാത്രികരും ആഗ്രഹിക്കുന്ന കാലംകോടിയേരിയുടെ സ്‌മരണ പുതുക്കാൻ സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
കണ്ണൂരിൽ പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ 8.30ന് പുഷ്‌പാർച്ചന. പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും.
പകൽ 11.30ന് കോടിയേരി മുളിയിൽനടയിലെ വീട്ടിൽ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനംചെയ്യും.
വൈകിട്ട് 4.30ന് മുളിയിൽനടയിൽ പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്‌ഘാടനംചെയ്യും.
#Two #years #since #death #Chief #Minister #unveil #bronze #statue #KodiyeriBalakrishnan