#cyclonefengal | ഫിൻജാൽ ചുഴലിക്കാറ്റ്; ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി, 13 വിമാനങ്ങൾ റദ്ദാക്കി

#cyclonefengal | ഫിൻജാൽ ചുഴലിക്കാറ്റ്; ചെന്നൈ അടക്കം ആറ് ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി, 13 വിമാനങ്ങൾ റദ്ദാക്കി
Nov 29, 2024 10:10 PM | By Athira V

ചെന്നൈ: ( www.truevisionnews.com) ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കനത്ത ജാ​ഗ്രത. 

ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്പെഷ്യൽ ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നാണ് നിർദ്ദേശം. ഐടി കമ്പനി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

ബീച്ചുകളിലും അമ്യൂസ്മെന്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. നാളെ (ശനിയാഴ്ച) ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രപതിയുടെ നാളത്തെ പരിപാടി റദ്ദാക്കിയിട്ടുണ്ട്. തിരുവാരൂരിൽ കേന്ദ്ര സർവകലാശാലയുടെ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കില്ല.

അതേസമയം, ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഫിൻജാൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ച ശേഷം ചെന്നൈയിൽ നിന്ന് മംഗലാപുരത്തേയ്ക്കും ട്രിച്ചിയിലേയ്ക്കുമുള്ള രണ്ട് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇവിടങ്ങളിൽ നിന്ന് ചെന്നൈയിലേക്ക് തിരികെയുള്ള സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന അഞ്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് രാവിലെ 7:25നും ഭുവനേശ്വറിലേയ്ക്ക് 7:45നും ഹൈദരാബാദിലേയ്ക്ക് 9:20നും ബെംഗളൂരുവിലേയ്ക്ക് 9:35നും പൂനെയിലേയ്ക്ക് രാത്രി 8:45നും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങളാണ് റദ്ദാക്കിയത്.

കൂടാതെ, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് തിരിച്ച് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കി.








#Cyclone #Fingal #Schools #six #districts #including #Chennai #are #closed #tomorrow #13 #flights #have #been #cancelled

Next TV

Related Stories
Top Stories