കൊച്ചി: (truevisionnews.com)അന്തരിച്ച സി.പി.എം. നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം ഏറ്റെടുക്കാനുള്ള എറണാകുളം മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെ തീരുമാനത്തിനെതിരേ മകള്‍ ആശ ലോറന്‍സ് നിയമ നടപടി സ്വീകരിക്കും.
അടുത്ത ദിവസംതന്നെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അവര്‍ പറഞ്ഞു. ഉപദേശക സമിതി സ്വാധീനിക്കപ്പെട്ടു എന്ന ആരോപണവും അവര്‍ നേരത്തേ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ന്യുമോണിയ മൂലം ആശുപത്രിയിലായിരുന്ന എം.എം. ലോറന്‍സ് അന്തരിച്ചത്. പിതാവിന്റെ മൃതദേഹം ആശുപത്രിക്ക് വിട്ടുനല്‍കരുതെന്നും മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആശ ലോറന്‍സ് 23-ന് ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഉപദേശക സമിതി രൂപവത്കരിക്കുകയും ബുധനാഴ്ച മൂന്നുമക്കളുടെയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു.
എറണാകുളം മെഡിക്കല്‍ കോളേജില്‍ നടന്ന മൊഴിയെടുപ്പില്‍ ആശ ലോറന്‍സ് നിലപാട് ആവര്‍ത്തിച്ചു. മറ്റൊരു മകളായ സുജാത രേഖാമൂലം തീരുമാനമൊന്നും അറിയിച്ചിരുന്നില്ല.
ഒടുവില്‍ എം.എം. ലോറന്‍സിന്റെ അവസാന സമയത്ത് ഒപ്പമുണ്ടായിരുന്ന മകന്‍ സജീവന്റെ മൊഴിയുടെയും ഇത് സാധൂകരിക്കുന്ന രണ്ട് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ മൃതദേഹം വൈദ്യപഠനത്തിന് ഏറ്റെടുക്കാന്‍ സമിതി തീരുമാനമെടുക്കുകയായിരുന്നു.
പിന്നാലെയാണ് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ ആശ ലോറന്‍സിന്റെ നീക്കം.
#MMLawrence #body #transfer #AshaLawrence #again #approach #High #Court