(truevisionnews.com) ഇന്ത്യൻ സൂപ്പർ ലീഗ് പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിന് നാളെ തിരുവോണ നാളിൽ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുകയാണ്.
കിരീടത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കാതെ കൊച്ചി കലൂരിലെ ജവഹർലാല്‍ നെഹ്‌റു സ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങളെ ഇത്തവണ ഗ്രൗണ്ടിലേക്ക് കൈപിടിക്കുന്നത് ഉരുൾപൊട്ടൽ ദുരന്തം നടന്ന ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും കുട്ടികളാണ്.
സങ്കടങ്ങളില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്കൊരു മോചനം എന്ന പ്രതീക്ഷയിലാണ് ഐ എസ് എൽ ഫുട്ബോളിലേക്ക് ഇവരെ ചേര്‍ത്തുവയ്ക്കുന്നതെന്ന് ഇതിന്റെ സംഘാടകരായ എംഇഎസ് പറയുന്നു.
വയനാട്ടിലെ വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍ പിസ്‌കൂള്‍, മേപ്പാടി ഡബ്ല്യുഎംഒ സ്‌കൂള്‍ എന്നിവിടങ്ങളിലെ 24 കുട്ടികളാണ് ഞായറാഴ്ചത്തെ മത്സരത്തിനായി കൊച്ചിയിലെത്തുന്നത്.
ഇതില്‍ 22 പേര്‍ ബ്ലാസ്റ്റേഴ്സും പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ താരങ്ങളുടെ ലൈനപ്പില്‍ മൈതാനത്തെത്തും.
ശനിയാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് പുറപ്പെടുന്ന കുട്ടികള്‍ കോഴിക്കോട് എത്തി ഷോപ്പിങ്ങും നടത്തിയാകും ഞായറാഴ്ച പുലര്‍ച്ചെ കൊച്ചിയിലെത്തുക.
ഷൂസും ജഴ്സിയും ഉള്‍പ്പെടെയുള്ളവ കോഴിക്കോട്ടുനിന്ന് വാങ്ങും. അതേ സമയം പത്ത് സീസണുകൾ പൂർത്തിയാക്കിയെങ്കിലും കിരീടം മാത്രം ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും കിട്ടാക്കനിയാണ്.
മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധക പിന്തുണ നിലനിർത്താൻ കിരീടം നേടിയേ തീരൂ.
മൊറോക്കൻ മുൻനിര താരം നേഹ സദോയി, സ്പാനിഷ് ഫോർവേഡ് ജീസസ് ജിമിനെസ്, ഫ്രഞ്ച് പ്രതിരോധ താരം അലക്സാണ്ടർ കോഫ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലെത്തിച്ചവരിൽ പ്രമുഖർ.
ഇവാന്‍ വുകോമനോവിച്ചിന് പകരം സ്വീഡൻകാരൻ മിഖായേൽ സ്റ്റാറേയാണ് പുതിയ പരിശീലകൻ. സൂപ്പർ താരം അഡ്രിയാൻ ലൂണ തന്നെയാണ് ഇത്തവണയും ക്യാപ്റ്റൻ.
#Children #Churalmala #Mundakai #shakehand #Blasters #players #Thiruvananthapuram