ന്യൂഡൽഹി: (truevisionnews.com) രാജ്യ തലസ്ഥാനത്ത് കനത്ത മഴയെതുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങി ബാങ്ക് മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം.വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണസംഭവം.
ഗുരുഗ്രാമിലെ സെക്ടർ 31 എച്ച്‌ഡിഎഫ്‌സി ബാങ്ക് മാനേജർ പുണ്യശ്രേയ ശർമ്മ, കാഷ്യർ വിരാജ് ദ്വിവേദി എന്നിവരാണ് മരണപ്പെട്ടത്.
ജോലികഴിഞ്ഞ് ഇരുവരും മഹീന്ദ്ര എസ്‌യുവി 700 കാറിൽ വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം സംഭവിച്ചതെന്ന് പോലീസ് വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓൾഡ് ഫരീദാബാദ് റെയിൽവേ അണ്ടർപാസിലെത്തിയപ്പോൾ വാഹനം വെള്ളക്കെട്ടിൽ അകപ്പെടുകയായിരുന്നു. ഒരു എസ്‌യുവി വെള്ളക്കെട്ടിൽ കുടുങ്ങിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ശർമ്മയുടെ മൃതദേഹം വാഹനത്തിൽ നിന്ന് പുറത്തെടുത്തു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ശനിയാഴ്ച പുലർച്ചെ 4 മണിയോടെയാണ് ദ്വിവേദിയുടെ മൃതദേഹം കണ്ടെത്താനായത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഡൽഹിയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ജനജീവിതവും ദുസ്സഹമായിട്ടുണ്ട്.
#bank #manager #cashier #got #stuck #water #faced #tragic #end