അടിമാലി (അടിമാലി): (truevisionnews.com) അവധിക്കകച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ കർഷകരിൽനിന്ന് കോടിക്കണക്കിന് രൂപയുടെ ഏലക്ക സംഭരിച്ച് പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ.
പാലക്കാട് മണ്ണാർകാട് കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീർ (42) ആണ് പിടിയിലായത്. ഇയാൾ നാലുമാസമായി ഒളിവിലായിരുന്നു. അടിമാലി എസ്.ഐ. ജിബിൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽനിന്ന് വെള്ളിയാഴ്ച രണ്ടുമണിയോടെയാണ് ഇയാളെ പിടികൂടിയത്.
കുതറിമാറാൻ ശ്രമിച്ച പ്രതിയെ പോലീസ് ബലം പ്രയോഗിച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ. ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
2023 ഒക്ടോബറിൽ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കർഷകരിൽനിന്ന് ഏലം സംഭരിച്ച് തുടങ്ങി. ഒരുമാസത്തെ അവധിക്ക് ഏലക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയിൽനിന്ന് കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരുമാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു.
ആദ്യ രണ്ടുമാസം കൂടുതൽ തുകയും നൽകി. ഇതോടെ കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലക്ക എത്തിച്ചു തുടങ്ങി.
ഏലയ്ക്ക നൽകുമ്പോൾ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈരസീതുമായി എത്തിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂലായിലാണ് അവസാനമായി ഏലയ്ക്കാ എടുത്തത്.
തുടർന്ന് ഇയാൾ മുങ്ങി. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. 1400-ഓളം ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. അടിമാലി സ്റ്റേഷനിൽ മാത്രം 32 പരാതികൾ ലഭിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സ്റ്റേഷനിലും പരാതിയുണ്ട്.
#Accused #who #defrauded #cardamom #farmers #cheated #crores #arrested