മലപ്പുറം:(www.truevisionnews.com) ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ ഇൻഷുറൻസ് തുകയായ 2,13,708 രൂപയും 15,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 10,000 രൂപയും നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു.
തൊഴുവാനൂർ സ്വദേശി കളത്തിൽ വീട്ടിൽ എം മിനി സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ വിധി. സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് പണം നൽകേണ്ടത്.
പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടർന്ന് തൃശൂർ ദയാ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി. ആശുപത്രിയിൽ ഇൻഷുറൻസ് കമ്പനി നേരിട്ട് പണം അടക്കാൻ ബാധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല.
പകരം ബില്ലുമായി ഇൻഷുറൻസ് കമ്പനിയെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇത് പ്രകാരം ബില്ലുകൾ സമർപ്പിച്ചെങ്കിലും കമ്പനി പണം നിഷേധിച്ചു.
ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു മുമ്പ് തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്.
രേഖകൾ പരിശോധിച്ച കമ്മീഷൻ കമ്പനിയുടെ വാദം നിരാകരിച്ചു. ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് മുമ്പ് ഹർജിക്കാരിക്ക് രോഗമുണ്ടായിരുന്നുവെന്നും ചികിത്സയുണ്ടായിരുന്നുവെന്നും തെളിയിക്കാൻ കഴിയാതെ ആനുകൂല്യം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നടപടി സേവനത്തിലെ വീഴ്ചയാണെന്നും ബില്ല് പ്രകാരമുള്ള ചികിത്സ തുക 2,13,708 രൂപയും
നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവായി 10,000 രൂപയും ഒരു മാസത്തിനകം ഹർജിക്കാരിക്ക് നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
വീഴ്ച വരുത്തിയാൽ വിധി തിയതി മുതൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്ന് കെ മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍റെ വിധിയിൽ പറയുന്നു.
Denial of insurance amount; 2 lakhs as per the bill to Mini and 10000 rupees as court costs.