ഇംഫാൽ: (truevisionnews.com) മണിപ്പൂരിലെ ജിരിബാം ജില്ലയിൽ മൂന്ന് കുട്ടികളുടെ മാതാവിനെ ബലാത്സംഗം ചെയ്ത് ജീവനോടെ ചുട്ടെരിക്കുകയും 20 തോളം വീടുകൾ കത്തിക്കുകയും ചെയ്തു.
ഗ്രാമത്തിലെ സ്കൂളിലെ അധ്യാപികയാണ് 31 കാരിയായ ഇര. ഭർത്താവും പ്രായപൂർത്തിയാകാത്ത മകനും രണ്ട് പെൺമക്കളുമുണ്ട്.
വ്യാഴാഴ്ച രാത്രി യുവതിയെ സായുധരായ മെയ്തി തീവ്രവാദികൾ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന് ജിരിബാം പൊലീസ് മേധാവിക്ക് ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.
‘മെയ്തികൾ ഞങ്ങളുടെ വാതിൽ തകർത്തു. വീട് കത്തിക്കുന്നതിന് മുമ്പ് ഞങ്ങളോട് പോകാൻ പറഞ്ഞു. അവരിൽ ചിലർ ഞങ്ങളെ എല്ലാവരെയും കൊല്ലണം എന്ന് ആക്രോശിച്ചു.
ഒടുവിൽ പ്രായമായ മാതാപിതാക്കളോടും കുട്ടികളോടും ഒപ്പം പോകാൻ എന്നെ അനുവദിച്ചു. എന്നാൽ ഭാര്യയെ കൊണ്ടുപോകാൻ അവർ അനുവദിച്ചില്ല- യുവതിയുടെ ഭർത്താവിനെ ഉദ്ധരിച്ച് അംഗീകൃത ഗോത്രങ്ങളുടെ കൂട്ടായ്മയായ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്) പ്രസ്താവനയിൽ പറയുന്നു.
യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം രാവിലെ വീട്ടിനുള്ളിൽനിന്ന് കണ്ടെടുത്തുവെന്നും അവർ പറഞ്ഞു.
ക്രൂരമായ ആക്രമണത്തെ തുടർന്നാണ് ഇരക്ക് ജീവൻ നഷ്ടപ്പെട്ടത്. യുവതിയുടെ കാലിൽ വെടിയുതിർക്കുകയും പീഡിപ്പിക്കുകയും ജീവനോടെ കത്തിക്കുകയും ചെയ്തുവെന്നും ഐ.ടി.എൽ.എഫ് പറഞ്ഞു.
#Mother #three #children #raped #burnt #alive #Manipur #20 #houses #burnt