ദില്ലി: (truevisionnews.com) പാരിസ് ഒളിംപിക്‌സിലെ നിരാശയ്ക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി ഗുസ്തി തരാം വിനേഷ് ഫോഗട്ട് രംഗത്ത്.
ജീവിതത്തിൽ ഇതുവരെയ്ക്കും കടന്നുവന്ന വഴികളെ കുറിച്ച് പറഞ്ഞും പരിശീലകരുൾപ്പെടെയുള്ളവർക്ക് നന്ദിയും പ്രകടിപ്പിച്ച് വലിയ ഒരു കുറിപ്പാണ് താരം എക്സിൽ പങ്കുവെച്ചിരിക്കുന്നത്.
ചെറുപ്പത്തിൽ തൻ്റെ മാതാപിതാക്കൾ തനിക്ക് തന്ന പിന്തുണയും, ആഗ്രഹങ്ങളെ എത്തിപ്പിടിക്കാൻ പലരും കൂടെനിന്നതുമടക്കം എല്ലാം ഓർമിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
കുറിപ്പിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിയമിച്ച ഡോ. ദിനേശ് പടിവാലയുടെ പേര് എടുത്തുപറഞ്ഞ് താരം നന്ദി രേഖപ്പെടുത്തുന്നുണ്ട്.
പരിക്ക് മൂലം ആത്മവിശ്വാസം നഷ്‌ടപ്പെടുമ്പോളെല്ലാം അദ്ദേഹത്തിൻ്റെ ഊർജവും തന്നിലുളള വിശ്വാസവുമാണ് തന്നെ വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കുന്നതെന്ന് വിനേഷ് കുറിക്കുന്നു.
ഇത്തരത്തിൽ തൻ്റെ സംഘത്തിൻ്റെ ഭാഗമായ നിരവധി പേർക്ക് വിനേഷ് നന്ദി പറയുന്നുണ്ട്. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തെ പരാമർശിക്കുന്ന വിനേഷ് താൻ ഇന്ത്യയിലെ സ്ത്രീകൾക്ക് വേണ്ടിയാണ് നിലകൊണ്ടതെന്നും ത്രിവർണ്ണപതാകയുടെ വിശുദ്ധി തനിക്ക് കാത്തുസൂക്ഷിക്കേണ്ടിയിരുന്നെന്നും കുറിച്ചു.
രാജ്യത്തിൻ്റെ കൊടി പാരീസിൽ പാറിക്കളിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം. എന്നാൽ തൻ്റെ വിധി മറ്റൊന്നായിരുന്നുവെന്ന് വിനേഷ് കുറിച്ചിരിക്കുന്നു. ഒരിക്കലും തളരില്ലെന്നും ഇനിയും ശരിയ്ക്ക് വേണ്ടി പോരാടുമെന്നും പറഞ്ഞാണ് വിനേഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
തനിക്ക് വെള്ളി മെഡൽ നൽകണമെന്ന വിനേഷിൻ്റെ അപ്പീൽ അന്താരാഷ്ട്ര കായിക തർക്ക പരിഹാര കോടതി തള്ളിയിരുന്നു. അമേരിക്കയുടെ സാറ ഹിൽഡെബ്രാൻഡിനെതിരെ 50 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ പോരാട്ടത്തിന് മണിക്കൂറുകൾ ശേഷിക്കെയായിരുന്നു ശരീരഭാരത്തിൽ 100 ഗ്രാം കൂടുതൽ കാണിച്ചതിനെ തുടർന്ന് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കിയത്.
ശേഷം വിനേഷ് ഫോഗട്ട് വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. റസ്‌ലിങ്ങിനോട് വിടപറയുന്നുവെന്നും ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും വിനേഷ് കുറിച്ചിരുന്നു.
നിങ്ങളുടെ സ്വപ്‌നങ്ങൾ എൻ്റെ ധൈര്യം എല്ലാം തകർന്നെന്നും ഇതിൽ കൂടുതൽ ശക്തി തനിക്കില്ലെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് എക്‌സിൽ കുറിച്ചു.
#Not #tired #fight #right #VineshPhogat #emotional #note