കെയ്ൻസ്: (truevisionnews.com)ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് കൂപ്പുകുത്തി ഹെലികോപ്ടർ അഗ്നിഗോളമായി. പൈലറ്റിന് ദാരുണാന്ത്യം. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലാണ് സംഭവം.
തിങ്കളാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.50ഓടെയാണ് ഓസ്ട്രേലിയയിലെ വടക്കൻ മേഖലയിലുള്ള ഡബിൾ ട്രീ ബൈ ഹിൽട്ടൺ എന്ന ആഡംബര ഹോട്ടലിന്റെ മേൽക്കൂരയിലേക്ക് ഹെലികോപ്ടർ കൂപ്പുകുത്തിയത്.
അപകടത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന നൂറ് കണക്കിന് അതിഥികളെ പുറത്തേക്ക് എത്തിച്ചെങ്കിലും ഹെലികോപ്ടറിൽ കുടുങ്ങിയ പൈലറ്റിനെ രക്ഷിക്കാനായില്ല.
ഹെലികോപ്ടറിൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിലയിരുത്തുന്നത്. അതേസമയം അപകടത്തിൽ ഹോട്ടലിലുണ്ടായ രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
80 വയസുള്ള പുരുഷനും 70 വയസുള്ള സ്ത്രീയ്ക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. സംഭവത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമയാനമന്ത്രാലയം വിശദമാക്കിയിട്ടുണ്ട്. അനുമതികളോടെയല്ല ഈ ഹെലികോപ്ടർ പറത്തിയിരുന്നതെന്നാണ് ക്വീൻസ്ലാൻഡിലെ പൊലീസ് വിശദമാക്കുന്നത്.
ലൈറ്റുകളൊന്നുമില്ലാതെ മഴ പെയ്യുന്ന സാഹചര്യത്തിൽ വളരെ താഴ്ന്ന് പറന്ന ശേഷമാണ് ഹെലികോപ്ടർ ഹോട്ടൽ കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയതെന്നാണ് സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാൾ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
ഒന്നിലധികം തവണ ചുറ്റിക്കറങ്ങിയ ശേഷമാണ് കൂട്ടിയിടി നടന്നതെന്നാണ് ഹോട്ടലിൽ തങ്ങിയ മറ്റൊരാൾ അന്തർദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ട് തവണ ഹോട്ടലിനെ മറികടന്ന് പോയ ശേഷമാണ് ഹെലികോപ്ടർ കെട്ടിടവുമായി കൂട്ടിയിടിക്കുന്നതെന്നാണ് സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്നയാൾ വിശദമാക്കുന്നത്.
ഹെലികോപ്ടറിന്റെ രണ്ട് റോട്ടർ ബ്ലേഡുകൾ തകർന്ന നിലയിലാണ് ഉണ്ടായിരുന്നത്. വലിയ ഒരു ശബ്ദം കേട്ടതായാണ് ഹോട്ടലിലുണ്ടായിരുന്ന മിക്ക ആൾക്കാരും പ്രതികരിക്കുന്നത്. ഗ്രേറ്റ് ബാരിയർ റീഫിന് സമീപമായതിനാൽ വളരെ അധികം സഞ്ചാരികളാണ് കെയ്ൻസിലേക്ക് എത്തുന്നത്.
കഴിഞ്ഞ ദിവസം ബ്രസീൽ നഗരത്തെ നടുക്കിയ വിമാന അപകടത്തിൽ 62 പേരാണ് കൊല്ലപ്പെട്ടത്. വിൻഹെഡോ നഗരത്തിലാണ് വിമാനം തകർന്ന് വീണ് യാത്രക്കാരും ക്രൂ അംഗങ്ങളും അടക്കം 62പേർ കൊല്ലപ്പെട്ടത്.
#Flying #low #without #lights #heavy #rain #helicopter #burst #flames #after #crashing #hotel