ബാഗ്ദാദ്: (truevisionnews.com) പെൺകുട്ടികളുടെ വിവാഹപ്രായം ഒമ്പത് വയസ്സാക്കാൻ ഇറാഖ്. ഇറാഖ് പാർലമെന്റിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ബിൽ അവതരിപ്പിച്ചു.
ബില്ലിനെതിരെ രാജ്യത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇറാഖിൽ നിലവിൽ പെൺകുട്ടികൾക്ക് വിവാഹ കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സാണ്. ഈ നിയമത്തിൽ ഭേദഗതി വരുത്തി ഒമ്പത് വയസ്സാക്കുന്നതിനുള്ള ശ്രമമാണ് ഇറാഖ് ഭരണകൂടം നടത്തുന്നത്.
കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ മത അധികാരികളെയോ സിവിൽ ജുഡീഷ്യറിയെയോ തിരഞ്ഞെടുക്കാൻ കരട് ബിൽ പൗരന്മാരെ അനുവദിക്കും.
അനന്തരാവകാശം, കുട്ടികളുടെ കസ്റ്റഡി, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമനടപടികളെ തുരങ്കംവയ്ക്കാൻ ഈ നിയമം ഉപയോഗപ്പെടുത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ നിയമം ഭേദഗതി വരുത്തിയാൽ പെൺകുട്ടികളുടെ പ്രായം ഒമ്പതാകുന്നതിനൊപ്പം ആൺകുട്ടികളുടെ പ്രായം 15 ആയും കുറയും.
ഇത്തരമൊരു നിയമഭേദഗതി രാജ്യത്തെ മുന്നോട്ടല്ല, പിന്നോട്ടാണ് നയിക്കുകയെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ് വാച്ച് ഗവേഷകയായ സാറാ സൻബാർ എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഓരോ വർഷവും ഇറാഖിലെ മതപുരോഹിതർ രജിസ്റ്റർ ചെയ്യാതെയുള്ള ആയിരക്കണക്കിന് വിവാഹങ്ങൾ നടത്തുന്നുണ്ടെന്ന് സൻബാറിന്റെ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ നിയമത്തിന്റെ ലംഘനമാണെന്നും സാറാ സൻബാർ പറഞ്ഞു.
കാലങ്ങളായി ഇറാഖ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശൈശവ വിവാഹം. യുനിസെഫിന്റെ കണക്കുകൾ പ്രകാരം 20 നും 24 നും ഇടയിൽ പ്രായമുള്ള 28 ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്.
ഇതിൽ തന്നെ ഏഴ് ശതമാനം സ്ത്രീകൾ 15 വയസ്സിന് മുമ്പ് വിവാഹം ചെയ്തവരുമാണ്. നിയമനിർമ്മാതാക്കളിൽ നിന്ന് കടുത്ത തിരിച്ചടി നേരിട്ടതിനെത്തുടർന്ന് ജൂലൈ അവസാനത്തോടെ ഈ നിർദ്ദേശം പാർലമെൻ്റിൽ നിന്ന് പിൻവലിച്ചിരുന്നു.
എന്നാൽ ഷിയ ഗ്രൂപ്പുകളുടെ പിന്തുണയോടെ ഓഗസ്റ്റിൽ വീണ്ടും ഇത് പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു. യുവതലമുറയെ അധാര്‍മിക ബന്ധങ്ങളില്‍നിന്ന് സംരക്ഷിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നാണ് ഇറാഖിന്റെ അവകാശവാദം.
#Iraq #raise #marriage #age #girls #nine