പത്തനംതിട്ട: (truevisionnews.com) വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് ഫ്യൂസ് ഊരാന്‍ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണുനനയിച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.
'സര്‍, ഫ്യൂസ് ഊരരുത്. പൈസ ഇവിടെ വെച്ചിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂളില്‍ പോവുകയാണ്', എന്നായിരുന്നു കുറിപ്പില്‍ പ്ലസ് വണ്ണിനും ഏഴാം ക്ലാസിലും പഠിക്കുന്ന സഹോദരിമാര്‍ എഴുതിയിരുന്നത്.
ഫ്യൂസ് ഊരാനെത്തിയ കെഎസ്ഇബി ജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ട കുറിപ്പ് കഴിഞ്ഞ ദിവസം നിരവധി പേര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുറിപ്പിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗൃഹനാഥന്‍.
എന്റെ ഇളയമകളാണ് കുറിപ്പെഴുതിയത്. അതില്‍ എന്റെ ഫോണ്‍ നമ്പറും എഴുതിയിരുന്നു. അതുകണ്ടാണ് ലൈന്‍മാൻ വിളിക്കുന്നത്. കുറിപ്പ് കിട്ടിയെന്നും ഫ്യൂസ് ഊരുന്നില്ലെന്നും അറിയിച്ചു.
മനസാക്ഷിയുള്ള ലൈന്‍മാന്‍ ആണ്. വേറെ ആരായിരുന്നെങ്കിലും ഊരിയേനെ. അദ്ദേഹം തിരിച്ചുപോയി. കോഴഞ്ചേരി ഓഫീസിലെ ലൈന്‍മാനാണ്. നന്ദി അറിയിക്കുന്നു,' ഗൃഹനാഥന്‍ പറഞ്ഞു.
സ്‌കൂള്‍ വീട്ടെത്തിയ മക്കള്‍ ഫ്യൂസ് ഊരാത്തത് കണ്ട് വലിയ സന്തോഷത്തിലായിരുന്നുവെന്നും പിതാവ് പ്രതികരിച്ചു. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ട് സഹായവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തിയിരുന്നു.
കുറിപ്പ് വല്ലാതെ വേദനയുണ്ടാക്കിയെന്നും കുടുംബത്തിന്റെ രണ്ട് വര്‍ഷത്തെ വൈദ്യുതി ബില്‍ താന്‍ അടക്കുമെന്നുമാണ് രാഹുല്‍ അറിയിച്ചത്. കുട്ടികളുടെ മൂന്ന് വര്‍ഷത്തെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പോകുന്നതിന് മുമ്പ് അപേക്ഷ എഴുതി മീറ്ററിന് സമീപം ഒട്ടിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബമായിരുന്നുവെന്നും അതിനാൽ മിക്കവാറും മാസങ്ങളിൽ വൈദ്യുതി വിച്ഛേദിക്കുന്ന വീടാണിതെന്നും കോഴഞ്ചേരി സെക്ഷനിലെ ലൈൻമാൻ ബിനീഷ് പറഞ്ഞു.
കുറിപ്പിൽ കണ്ട നമ്പറിൽ ലൈൻമാൻ വിളിച്ചപ്പോൾ വീട്ടിലെ ഗൃഹനാഥനെയാണ് കിട്ടിയത്. അദ്ദേഹമാണ് കുറിപ്പ് മക്കള്‍ എഴുതിയതാണെന്ന് പറഞ്ഞത്. 461 രൂപയായിരുന്നു കുടിശ്ശിക ബില്‍. തികച്ചും ദരിദ്രമായ സാഹചര്യത്തിൽ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് ഈ അച്ഛനും മക്കളും കഴിയുന്നത്.
വീട്ടിൽ കതകിന് പകരം തുണിയാണ് മറയായി ഉപയോഗിക്കുന്നത്. തയ്യൽക്കട ജീവനക്കാരനാണ് ഗൃഹനാഥൻ. അച്ഛനും മക്കളുമാണ് ആ വീട്ടിലുള്ളത്. അവരുടെ അമ്മയെ മൂന്ന് വർഷം മുൻപ് കാണാതായതാണ്.
തയ്യൽ കടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിക്കുന്നത്. ഇതിൽ നിന്നാണ് മക്കളുടെ പഠനവും മുന്നോട്ട് കൊണ്ടുപോകുന്നത്.
ആഹാരത്തിനു പോലും ബുദ്ധിമുട്ടിയാണ് ഈ പിതാവും മക്കളും പല ദിവസങ്ങളും കടന്നുപോകുന്നത്. കുട്ടികൾക്ക് പല മാസങ്ങളിലും സ്കൂളിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഫ്യൂസ് ഈരിയതിനെ തുടർന്ന് ഇരുട്ടത്ത് കഴിയേണ്ടി വന്നിട്ടുണ്ട്.
അതിനാലാണ് അപേക്ഷ എഴുതിയതെന്നാണ് കുട്ടികൾ പറഞ്ഞത്. ഏറെ വേദനയോടെയാണ് ഈ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാറുള്ളതെന്നും രണ്ടും മൂന്നും ദിവസും അച്ഛനും മക്കളും ഇരുട്ടത്ത് ഇരിക്കാറുണ്ടെന്നും ലൈൻമാൻ പറഞ്ഞു.
#viral #letter #student #about #fuse #father #reaction #pathanamthitta